കോഴിക്കോട് ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍; ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നതിന് വിലക്ക്; വാഹന പരിശോധന ശക്തമാക്കും
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം ടിപിആര്‍ 30 ശതമാനം കടന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
പൊതുയോഗങ്ങളിലും പൊതു ഇടങ്ങളിലും ആൾക്കൂട്ടം പാടില്ല. ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കും. ബീച്ചുകളിലും പരിശോധന കർശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പരിശോധനയ്ക്ക് കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ജില്ലയിലുടനീളം പൊലീസ് പരിശോധന കർശനമാക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹന പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,648 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൊവിഡ് അതിതീവ്ര വ്യാപനം കണ്ടുവരുന്നത്. അതിനാല്‍ അതീവ ജാഗ്രത പാലിക്കാനാണ് അധികൃതരുടെ നിര്‍ദേശം. ഇതിന്റെ തുടര്‍ച്ചയായാണ് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.