അപൂര്‍വ്വ അന്നനാള ശസ്ത്രക്രിയയിലൂടെ ബഷീറിന് പുതുജീവന്‍

നെമ്മാറ : അപൂര്‍വ്വ അന്നനാള ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവന്‍ നല്‍കി അവൈറ്റിസ് ഹോസ്പിറ്റല്‍. ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജനായ ഡോ. എം.എസ്. പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍ജറിയിലൂടെ ചിറ്റിലഞ്ചേരി പാറക്കല്‍കടവിലെ ബഷീറിന് പുതുജീവന്‍ നല്‍കിയത്.
കുറേക്കാലമായി അന്നനാളത്തില്‍ ഭക്ഷണം കുടുങ്ങി നില്‍ക്കുന്ന അവസ്ഥയായിരുന്നു ബഷീറിന്. മൂന്നുമാസം മുന്‍പ് ഗുരുതരാവസ്ഥയില്‍ ബഷീര്‍ ആശുപത്രിയിലെത്തി. അന്നനാളം പാടെ തകര്‍ന്നതിനോടൊപ്പം അണുബാധയുമുണ്ടായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ഇദ്ദേഹത്തെ വിധേയനാക്കി. ഈ സമയം ജെജുനോസ്‌റ്റോമി ട്യൂബിലൂടെയായിരുന്നു ഇദ്ദേഹത്തിന് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നത്. പൊട്ടിയ അന്നനാളത്തിലേയ്ക്ക് ഉമിനീര്‍ ഇറങ്ങാതിരിക്കാന്‍ അന്നനാളം കഴുത്തിലേയ്ക്ക് കൊണ്ടു വന്നു. അന്നനാളം മാറ്റി വയ്ക്കുക മാത്രമായിരുന്നു പോംവഴി. സര്‍ജറിയിലൂടെ ഹൃദയത്തിനു മുന്നിലൂടെ ആമാശയം ഉപയോഗിച്ച് ഒരു പുതിയ ട്യൂബിട്ട് അന്നനാളം കഴുത്തിനോട് ബന്ധിപ്പിച്ചു നിര്‍ത്തുകയായിരുന്നു. പതിനൊന്നു ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്ത ബഷീറിന് ഇപ്പോൾ സാധാരണ രീതിയിൽ തന്നെ ഭക്ഷണം കഴിക്കാൻ സാധിക്കുന്നുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.

അന്നനാളം മാറ്റി വയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ചെയ്യുന്ന അപൂര്‍വ്വ സര്‍ജറിയാണിത്. പ്രസ്തുത സര്‍ജറിയാണ് ബഷീറിനെ രക്ഷിച്ചതും. ബഷീറിൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി, അനസ്തേഷ്യോളജി, ഇന്റൻസീവ് കെയർ, കാർഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കൂട്ടായ പ്രവർത്തനവും അവൈറ്റിസിലെ നൂതന സാങ്കേതിക ഉപകരണങ്ങളുടെ സാന്നിധ്യവും കൊണ്ടാണെന്ന് സി.ഇ.ഒ കെ. വിനീഷ് കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ അവൈറ്റിസിന് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.