നാളെ ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും തുറക്കില്ല; കള്ളുഷാപ്പുകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. ഇതിന്റെ ഭാഗമായി നാളെയും അടുത്ത ഞായറാഴ്ചയും ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകൾ പ്രവർത്തിക്കില്ല. ഞായറാഴ്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ് എക്സൈസ് കമ്മീഷണറുടെ ഉത്തരവ്.

നാളെ അത്യാവശ്യയാത്രകള്‍ അനുവദിക്കും. ഇതിനായി കൃത്യമായ രേഖകളും സത്യവാങ്മൂലവും കരുതണം. അല്ലെങ്കിൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ അതിര്‍ത്തികളിലും പരിശോധനകൾ ശക്തമാക്കി. വിവാഹ ചടങ്ങുകൾക്കും മരണാനന്തര ചടങ്ങുകൾക്കും 20പേർക്ക് പങ്കെടുക്കാം. ഹോട്ടലുകളിൽ നിന്നും പാഴ്സലുകൾ മാത്രമാവും ലഭിക്കുക. കെഎസ്ആര്‍ടിസിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നാളെ നടത്തുകയുള്ളു. അത്യാവശ്യ വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകളും മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.