കെ.എസ്.ഇ.ബി.യുടെ പേരിൽ വ്യാജസന്ദേശമയച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു; മുന്നറിയിപ്പുമായി സൈബർ പൊലീസ്
തിരുവനന്തപുരം: വൈദ്യുതി ബില്ലിന്റെ പേരിൽ വ്യാജസന്ദേശമയച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി സൈബർ പൊലീസിന്റെ മുന്നറിയിപ്പ്.ഒരാഴ്ചയ്ക്കുള്ളിൽ സൈബർ പൊലീസിന് ഒട്ടേറെ പരാതികൾ ലഭിച്ചു.പരാതിക്കാർക്കെല്ലാമായി പത്തുലക്ഷത്തോളം രൂപയെങ്കിലും നഷ്ടമായതായി കണക്കാക്കുന്നു. ഇത്തരം തട്ടിപ്പിനെതിരേ മുൻകരുതലെടുക്കണമെന്ന് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഡിവൈ.എസ്‌പി. ടി. ശ്യാംലാൽ പറഞ്ഞു.
വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കുമെന്നാണ് കെ.എസ്.ഇ.ബി.യുടെ പേരിൽ വ്യാജസന്ദേശം വരുന്നത്. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘങ്ങളെന്ന് സൈബർ പൊലീസ് വ്യക്തമാക്കി.കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെന്ന വ്യാജേന ഉപഭോക്താക്കളെ വിളിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ അയച്ചും മറ്റുമാണ് തട്ടിപ്പ്.
ബില്ലടയ്ക്കാൻ കസ്റ്റമർ കെയർ നമ്പർ സേവ് ചെയ്യിച്ചും വിവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിച്ചുമൊക്കെയാണ് തട്ടിപ്പ്. ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യിപ്പിച്ച് ഒ.ടി.പി. നമ്പർ കരസ്ഥമാക്കി പണം തട്ടിയെടുത്തെന്ന പരാതികളാണേറെയും. ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ആപ്പ് വഴി തട്ടിപ്പുകാർക്കു ലഭിക്കുകയും ഒ.ടി.പി. വിവരങ്ങൾ കൈക്കലാക്കി പണം തട്ടുകയുമാണ് രീതി.
ടീം വീവർ റിമോട്ട് കൺട്രോൾ, എയർ ട്രോയിഡ് ഫയൽ ആൻഡ് റിമോട്ട് ആക്‌സസ്, സ്‌ക്രീൻ ഷെയർ റിമോട്ട് അസിസ്റ്റന്റ്, ടീം വീവർ ക്വിക് സപ്പോർട്ട്, എയർ മിറർ റിമോട്ട് കൺട്രോൾ, എനി ഡെസ്‌ക് റിമോട്ട് ഡെസ്‌ക്ടോപ്പ് സോഫ്റ്റ്‌വേർ, റെമോട്രോയിഡ്, ടീം വീവർ ഹോസ്റ്റ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ഇൻസ്റ്റാൾ ചെയ്യിക്കുന്നത്. ഇവ ഇൻസ്റ്റാൾ ചെയ്യുകയോ ഒ.ടി.പി. കൈമാറുകയോ ചെയ്യരുതെന്നു പൊലീസ് അറിയിച്ചു.