നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതൽ; രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം; കടകള്‍ രാത്രി 9 വരെ
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍. രാത്രി 12 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെയാണ് കേരളം വീണ്ടും അടച്ചിടുന്നത്. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ വഴിനീളെ പരിശോധന നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ കേസും പിഴയുമുണ്ടാവും.
യാത്രകള്‍ക്കും നിയന്ത്രണമുണ്ട്. അത്യാവശ്യയാത്രക്കാര്‍ അക്കാര്യം പരിശോധനാവേളയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം. അത്യാവശ്യയാത്രകള്‍ അനുവദിക്കണമെങ്കില്‍ കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. ഇല്ലെങ്കില്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സീനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റയില്‍വേ സ്റ്റേഷന്‍-വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ , മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കില്‍ യാത്ര അനുവദിക്കും. കെഎസ് ആര്‍ടിസിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ.
ഹോട്ടലുകളും പഴം-പച്ചക്കറി-പലചരക്ക്-പാല്‍, മത്സ്യം-മാംസം എന്നിവ വില്‍ക്കുന്ന കടകളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുത്തി ഭക്ഷണം നല്‍കാന്‍ പാടില്ല.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തില്‍ ഉള്‍പ്പെട്ടതുമായ കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം-ഇന്റര്‍നെറ്റ് കമ്പനികള്‍ തുടങ്ങിയവയ്ക്കാണ് തുറക്കാന്‍ അനുവാദമുള്ളത്. തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം.മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ചടങ്ങുകള്‍ 20 പേരെ വച്ച് നടത്താം.