യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍തൃപീഡനമെന്ന് പരാതി
ചാവക്കാട്: ഒരുമനയൂരില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ മാനസിക പീഡനമെന്നാരോപിച്ച് യുവതിയുടെ വീട്ടുകാര്‍ രംഗത്ത്. ഒരുമനയൂര്‍ ഒറ്റത്തെങ്ങ് കറുപ്പം വീട്ടില്‍ നിസാറിന്റെ ഭാര്യയും പാടൂര്‍ അറക്കല്‍ അലി മോന്റെ മകളുമായ ഹാഫിസ(27)യേയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ഒരുമനയൂര്‍ ഒറ്റത്തെങ്ങിലുള്ള വീട്ടിലെ മുറിയില്‍ വെച്ചാണ് യുവതി തൂങ്ങി മരിച്ചത്. ഭര്‍ത്താവും രണ്ടു മക്കളും ഒന്നിച്ച് അബുദാബിയിലായിരുന്ന യുവതി ഒരാഴ്ച മുമ്പാണ് കുടുംബവുമൊന്നിച്ച് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മണത്തല ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. മക്കള്‍: അറഫാത്ത്, അന്‍ഫാസ്.
സംഭവത്തില്‍ ഹാഫിസയുടെ മാതാവ് മുംതാസ് ചാവക്കാട് പോലിസില്‍ പരാതി നല്‍കി. ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനമാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമെന്ന് പരാതിയില്‍ ആരോപിച്ചു. കൂടാതെ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതിനായി വീടും സ്ഥലവും വില്‍പ്പന നടത്തണമെന്ന ഭര്‍ത്താവിന്റെ തീരുമാനത്തെ ഹാഫിസ എതിര്‍ത്തതോടെ ഇതിന്റെ വൈരാഗ്യത്തില്‍ ഹാഫിസയോട് ഭര്‍ത്താവ് അതിക്രമം നടത്തിയിരുന്നതായും പരാതിയില്‍ പറഞ്ഞു.