കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കള്‍ പിടിയില്‍; അറസ്റ്റ് വിവരം മറച്ചുവെക്കാന്‍ പോലീസ് ശ്രമം
ഇടുക്കി: കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ പിടിയിൽ. നാലു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 600 ഗ്രാം കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു. അതേസമയം പ്രതികളുടെ അറസ്റ്റ് സംബന്ധമായ വിവരങ്ങള്‍ മറച്ചുവെക്കാന്‍ പോലീസ് ശ്രമിച്ചതായി ആക്ഷേപമുണ്ട്.
കഞ്ചാവും എംഡിഎംഎയുമായി രണ്ടു കേസുകളിലായി ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹി ഉൾപ്പെടെ നാലുപേരാണ് ഇന്നലെ പോലീസിന്‍റെ പിടിയിലായത്. ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്‍റ് പടിഞ്ഞാറേ കോടിക്കുളം പന്നത്ത് വീട്ടിൽ ഷമൽ ഹംസ, ഐരാമ്പിളളി പുത്തൻപുരയിൽ അഭിഷേക് ജിതേഷ്, പട്ടയം കവല അന്തീനാട്ട് അഫ്സൽ നാസർ, സഹോദരൻ അൻസൽ നാസർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നും 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും പിടികൂടി.
ഇവരുടെ അറസ്റ്റ് സംബന്ധമായ വിവരങ്ങൾ മറച്ചുവെക്കാൻ തുടക്കത്തിൽ പോലീസ് ശ്രമമുണ്ടായി. തൊടുപുഴയിൽ പല കോളേജുകളിലും കുട്ടികൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നവരാണ് ഇവർ. കാറിൽ വിൽപന നടത്തുന്നതിനിടയിലാണ് പിടിയിലായത്. പോലീസ് ആസ്ഥാനത്ത് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി, എജിലാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.