അട്ടപ്പാടി മധു കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനരയായി മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസ് വാദിക്കാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി മണ്ണാർക്കാട് കോടതി. മണ്ണാർക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല.
കേസിൽ നിന്നും ഒഴിയാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിജിപിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വി ടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താൽ ഇന്ന് അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി.
ആരോഗ്യ കാരണങ്ങളാൽ കേസിൽ നിന്നും ഒഴിയാൻ സന്നദ്ധത അറിയിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് രഘുനാഥ് കത്ത് നൽകിയിരുന്നു. എന്നാൽ രഘുനാഥിനോട് തന്നെ തുടരാൻ ആവശ്യപ്പെട്ടതായി ഡി ജി പി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് രഘുനാഥ് പറയുന്നത്.
2018 ഫെബ്രുവരി 22-നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്.
മോഷണക്കുറ്റം ആരോപിച്ചാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തത്. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ട് പോവുന്ന വഴിയാണ് യുവാവ് മരണപ്പെട്ടത്.
മധുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, മധുവിന് മേൽ കെട്ടിവച്ച മോഷണശ്രമം കെട്ടുകഥയാണെന്ന് തെളിഞ്ഞിരുന്നു. മധുവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്.
ലോകത്തിന് മുൻപിൽ കേരളം തല താഴ്‌ത്തി നിന്നനാളുകളായിരുന്നു അത്. പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. 2018 മെയ് മാസം പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ വൈകുകയാണ്. നാലു വർഷമായിട്ടും കേസിന്റെ വിചാരണ നടപടികൾ വൈകുന്നതിൽ മധുവിന്റെ കുടുബം കടുത്ത അതൃപ്തിയിലാണ്. പ്രതികളായ 16 പേരും ഇപ്പോൾ ജാമ്യത്തിലാണ്.
മുക്കാലി പൊട്ടിക്കൽ ഗുഹയിൽ കഴിഞ്ഞിരുന്ന മധു 2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്കും മർദനത്തിനും ഇരായായത്. കേസിലാകെ പതിനാറു പ്രതികളാണുള്ളത്. മേച്ചേരിയിൽ ഹുസൈൻ, കിളയിൽ മരയ്ക്കാർ, പൊതുവച്ചോലയിൽ ഷംസുദ്ദീൻ, താഴുശേരിൽ രാധാകൃഷ്ണൻ, വിരുത്തിയിൽ നജീവ്, മണ്ണമ്പറ്റയിൽ ജെയ്ജുമോൻ, കരിക്കളിൽ സിദ്ദിഖ്, പൊതുവച്ചോലയിൽ അബൂബക്കർ എന്നിവരാണ് കേസിലെ മുഖ്യപ്രതികളും മർദിച്ചവരും. കൊലപാതകക്കുറ്റവും പട്ടികവർഗ പീഡന നിരോധന നിയമവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തെയുള്ള പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ നിന്നും ഒഴിഞ്ഞിരുന്നു. പിന്നീട് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് എറണാകുളത്തുള്ള അഡ്വ. വിടി രഘുനാഥനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും എറണാകുളത്ത് നിന്നും മണ്ണാർക്കാടെത്തി കേസ് വാദിക്കാൻ ചില പ്രയാസങ്ങളുണ്ടെന്നും കാണിച്ച് അദ്ദേഹം സർക്കാരിന് കത്ത് നൽകിയിരുന്നു.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ തന്നെ ഈ വിവരം അറിയിച്ചതുമാണ്. എന്നാൽ മധുവിന് വേണ്ടി ഇദ്ദേഹം തന്നെ ഹാജരാകണമെന്ന നിലപാടാണ് ഡിജിപി സ്വീകരിച്ചത്. ഇന്ന് കേസ് പരിഗണിക്കവെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. ഈ സമയത്താണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിച്ചത്