എസ്.എൻ.ഡി.പിയുടെ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചു
കൊച്ചി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചു.പ്രാഥമിക വോട്ടവകാശം റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രക്രിയ ആദ്യം മുതൽ നടത്തേണ്ടതിനാലാണ് തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെക്കാൻ ചീഫ് റിട്ടേണിംഗ് ഓഫീസറുടേതാണ് തീരുമാനിച്ചത്. മുൻ ലോ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥാണ് ചീഫ് റിട്ടേണിങ്ങ് ഓഫീസർ.
ഈ മാസം രണ്ട്, മൂന്ന് നാല് തീയതികളിൽ ഓൺലൈനായും അഞ്ചാം തീയതി നേരിട്ടുമായിരുന്നു എസ്.എൻ.ഡി.പിയുടെ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഇന്നലെയാണ് എസ്.എൻ.ഡി.പിയോഗം നടത്തുന്ന ഏത് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ എല്ലാം അംഗങ്ങൾക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് പ്രഖ്യാപിച്ചത്. കമ്പനി നിയമപ്രകാരം പൊതു യോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്താൻ അനുമതി നൽകി കേന്ദ്രസർക്കാർ 1974 ൽ പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആ ഉത്തരവ് പ്രകാരം 100 സ്ഥിരാംഗങ്ങളിൽ നിന്ന് ഒരു പ്രതിനിധിക്ക് പൊതുയോഗത്തിൽ പങ്കെടുത്ത് വോട്ട് ചെയ്യാം എന്നായിരുന്നു വ്യവസ്ഥ.
ഇത് റദ്ദാക്കിയതോടെ എല്ലാ അംഗങ്ങൾക്കും വോട്ട് ചെയ്യാൻ അവകാശമുണ്ടായിരിക്കുകയാണ്. ഇതോടെ നോട്ടിഫിക്കേഷൻ അടക്കമുള്ള എല്ലാ തെരഞ്ഞെടുപ്പ് നടപടികൾ ആദ്യം മുതൽ നടത്തേണ്ടി വരും. ഇതിനാണ് തെരഞ്ഞെടുപ്പ് നടപടി കൾ താൽക്കാലികമായി നിർത്തിവെക്കാൻ ചീഫ് റിട്ടേണിംഗ് ഓഫീസർ തീരുമാനിച്ചത്.