കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതേ വിട്ടു
കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷഫാസിനെയുമാണ് വെറുതെ വിട്ടത്. എൻഐഎ കോടതി ശിക്ഷാവിധിക്കെതിരം പ്രതികൾ നൽകിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞത്.

തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എൻഐഎ കോടതി ശിക്ഷിച്ചിരുന്നത്. കേസിൽ നിരപരാധികളാണെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്.
ആകെ ഒമ്പത് പ്രതികളുള്ള കേസിൽ, ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. കേസിലെ മൂന്നാം പ്രതി അബ്‌ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്‌താണ് എൻഐഎ അപ്പീൽ നൽകിയത്. 2006 മാർച്ച് മൂന്നിന് ആണ് കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും സ്‌ഫോടനം നടന്നത്.