ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചസംഭവം; പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ യുവാവ് പിടിയിൽ

കോഴിക്കോട്∙ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ യുവാവ് പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് (26) ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വ്യാപക തെരച്ചിലിനൊടുവനിൽ ലാ കോളേജ് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ലോ കോളേജ് പരിസരത്ത് ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ പിറകുവശത്തുകൂടിയാണ് ഫെബിൻ രക്ഷപ്പെട്ടത്. . വസ്ത്രം മാറാൻ പൊലീസ് നൽകിയ അവസരം മുതലെടുത്ത് രക്ഷപ്പെടുകയായിരുന്നു. . ഇയാൾക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ്(26) പൊലീസ് കസ്റ്റഡിയിൽ തുടരുന്നു.

മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. അതേസമയം പെൺകുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇതിൽ അഞ്ചു പേരുടെ മൊഴി നേരിട്ടും ഒരു പെൺകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ അവരുടെ മൊഴി വിഡിയോ കോൺഫറൻസ് വഴിയുമാണ് രേഖപ്പെടുത്തിയത്.

ബുധനാഴ്ചയാണ് പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായത്. പിന്നീട് ഇവരെ ആറു പേരെ കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തി. ബെംഗളൂരുവിൽനിന്നു കണ്ടെത്തിയ യുവാക്കളെ ഇന്നു പുലർച്ചെയാണ് കോഴിക്കോട് എത്തിച്ചത്.