കൂടെയുണ്ടായിരുന്ന യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടികൾ

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കൾക്കെതിരെ കേസെടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകൾ ചേർത്തായിരിക്കും കേസ്. യുവാക്കൾ മദ്യം നൽകിയെന്നും, പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടികൾ മൊഴി നൽകി.

പെൺകുട്ടികൾക്ക് ബംഗളൂരുവിലേക്ക് പോകാൻ പണം നൽകിയ യുവാവിനെയും തിരിച്ചറിഞ്ഞു. മലപ്പുറം എടക്കരയിലെ യുവാവാണ് പണം നൽകിയത്. ചിൽഡ്രൻസ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് പുറത്തുപോയതെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.

ആറ് പെൺകുട്ടികളെയാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായത്. രണ്ട് പേരെ ബംഗളൂരുവിൽ നിന്നും നാല് പേരെ മലപ്പുറം എടക്കരയിൽ നിന്നുമായിരുന്നു കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്നുള്ള കുട്ടികൾക്കൊപ്പമുണ്ടായിരുന്ന യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.

ബംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി വൈകിയാണ് ഇവരെ കോഴിക്കോട്ടെത്തിച്ചത്. പെൺകുട്ടികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടെയുള്ളവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ശേഷം കോടതിയിൽ ഹാജരാക്കും.