പെണ്ണുകാണൽ റാഗിങ്ങ്; ചെറുക്കന്റെ ബന്ധുക്കളുടെ ചോദ്യശരങ്ങൾക്കൊടുവിൽ ബോധം കെട്ട് പെണ്ണ്

കോഴിക്കോട്: മലബാറിൽ ഒരു കാലത്ത് വ്യാപകമായ ഒരു രീതിയായിരുന്നു വിവാഹ റാഗിങ്ങ്. വിവാഹദിനത്തിൽ കല്യാണച്ചെക്കന്റെ സുഹൃത്തുക്കൾ നടത്തുന്ന കോലഹാഹലങ്ങൾ ഒരു ആചാരമായി മാറുകയും അത് ചലച്ചിത്രങ്ങൾക്ക്പോലും വിഷയം ആവുകയും ചെയ്തിരുന്നു. വരനെയും വധുവിനെയും ഉപ്പുവെള്ളവും ചെളിവെള്ളവും കുടിപ്പിക്കുക തൊട്ട് നീളുന്ന ‘കലാപരിപാടികൾ’, ആദ്യരാത്രിയിൽ മണിയറക്കുള്ളിൽ ഗുണ്ട് പൊട്ടിച്ചാണ് അവസാനിക്കാറ്.

കല്യാണ ദിവസം വരനെയും വധുവിനെയും വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങൾ വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, എന്നിങ്ങനെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു.

വരനെ കൂട്ടുകാർ ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അക്കാലത്ത് വൈറലായിരന്നു. ചിലയിടത്ത് വീട്ടിലെ ഉരുലും ഉലക്കയും ചുലും അടക്കമുള്ള സാധനങ്ങൾ തീയിലിടുക, പണം അപഹരിക്കുക, വുടങ്ങിയ വളരെ അപകടകരമായ രീതിയിലും കാര്യങ്ങൾ എത്തി. ഇതേതുടർന്ന് വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും ഏറ്റുമുട്ടുന്ന അവസ്ഥയും, വിവാഹം മുടങ്ങിയതും പലയിടത്തുനിന്നും വാർത്തയായിരുന്നു. വിവാഹ റാഗിങ്ങ് താങ്ങാൻ കഴിയാതെ വധു തളർന്ന് വീണ സംഭവങ്ങളും ഉണ്ടായിരുന്നു.

ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ വിവാഹ റാഗിങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. മാതൃഭൂമിയടക്കമുള്ള പത്രങ്ങൾ ഇതേക്കുറിച്ച് പരമ്പര എഴൂതി. ഡിവൈഎഫ്ഐയും ജനാധിപത്യമഹിളാ അസോസിയേഷനുമൊക്കെ രംഗത്തെത്തി. മുൻ മന്ത്രി പി.കെ ശ്രീമതിയെയും, ടി സതീദേവിയെപ്പോലുള്ള വനിതാ നേതാക്കളും, ഇതിനെതിരെ ശക്തമായ രംഗത്തെത്തി. കേരളാപെലീസും ഫേസ്‌ബുക്കിലുടെ വിവാഹ റാഗിങ്ങിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. ഇതോടെ ഏതാണ്ട് അവസാനിച്ചു എന്ന് തോന്നിയ ഈ പരിപാടി ഇപ്പോൾ മറ്റൊരു രൂപത്തിലാണ് തിരിച്ചെത്തുന്നത്.

അതാണ് വിവാഹ പൂർവ റാഗിങ്ങ്. പെണ്ണു കണ്ട് കഴിഞ്ഞാൽ ചെറുക്കന്റെ കുറെ ബന്ധുക്കളും സുഹൃത്തക്കളും ചേർന്ന് പെണ്ണിനെ കൂട്ടത്തോടെ ഇന്റവ്യൂ ചെയ്ത് മാനസികമായി പീഡിപ്പിച്ച് ആഹ്ലാദിച്ച് മൂക്കുമുട്ടെ തിന്ന് മടങ്ങുന്ന ചടങ്ങ് ഇപ്പോൾ മലബാറിൽ ആചാരം പോലെ ആയിരിക്കയാണ്. ഈ കോവിഡ് കാലത്ത് കഴിഞ്ഞ ദിവസം നടന്ന ഇത്തരത്തിലൊരു കോപ്രായം, വധു ബോധം കെട്ട് ആശുപത്രിയിലായതോടെയാണ് പുറംലോകം അറിഞ്ഞത്.

നാദാപരുത്തെ പുലിവാൽ പെണ്ണുകാണൽ

കോഴിക്കോട് നാദാപരുത്തിനടുത്ത് വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്ത് കഴിഞ്ഞ ദിവസമാണ് പെണ്ണുകാണാൻ വന്നവർ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതിയുയർന്നത്. ബോധം കെട്ടുവീണ യുവതിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. ഇതോടെ യുവതിയുടെ ബന്ധുക്കൾ അരിശം പൂണ്ട് സംഘത്തിലെ പുരുഷന്മാരെ ബന്ദിയാക്കി. അവരുടെ വാഹനം തടഞ്ഞുവെച്ചു.

വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് വാണിമേലിൽ പെണ്ണ് കാണാനെത്തിയത്. യുവാവ് ഖത്തറിലാണ്. രണ്ടുദിവസം മുമ്പ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. ഇവർക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടർന്നാണ് വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലിലെ വീട്ടിലെത്തിയത്.

സ്ത്രീകൾ ഒന്നിച്ച് മുറിയിൽ കയറി യുവതിയുമായി സംസാരിച്ചു. ബിരുദ വിദ്യാർത്ഥിയായ യുവതിയെ കതകടച്ചാണ് ഒരു മണിക്കൂറിലധികം ‘ഇന്റർവ്യൂവിന്’ വിധേയയാക്കിയത്. പാതി അശ്ളീലമായ ചോദ്യങ്ങളാണ് ഇവർ ഏറെയും ചോദിച്ചതത്രേ. ‘വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും ഞങ്ങൾക്ക് ഒന്ന് പരിശോധിക്കണം’ എന്നൊക്കെ ഒരു സ്ത്രീ പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിക്കയായിരുന്നു. ബ്രായുടെയും അടിവസ്ത്രങ്ങളുടെയും അളവുചോദിച്ചും ഇവർ ഡബിൾ മീനിങ്ങുള്ള തമാശകൾ പറഞ്ഞു. ശക്തമായ ബോഡി ഷെമിങ്ങും ഇവരുടെ ഭാഗത്തുനിന്നുണ്ടായി. യുവതിയുടെ മൊബൈൽ ഫോൺ പരിശോധിക്കാനും ഇവർ തുനിഞ്ഞു.

എന്നാൽ അപ്പോഴും ഒരു ബന്ധം തകരേണ്ട എന്ന് വിചാരിച്ച് പെൺവീട്ടുകാർ എല്ലാം സഹിച്ച് നിൽക്കയായിരുന്നു. തുടർന്ന് വീട്ടിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ഇവർ കുറ്റം പറഞ്ഞുകൊണ്ടുതന്നെ മൂക്കറ്റം തിന്നു. ഇതിനുശേഷം കല്യാണച്ചെക്കന്റെ ബന്ധുക്കൾ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞു. ബന്ധുക്കൾ മുറിയിൽ കയറിനോക്കിയപ്പോൾ റാഗിങ്ങ് താങ്ങാൻ കഴിയാതെ തളർന്നുകടിക്കുന്ന യുവതിയെയാണ് കണ്ടത്. ഇതോടെയാണ് പെൺവീട്ടുകാരുടെ സകല നിയന്ത്രണവും പോയത്. ഇതോടെ ഗൃഹനാഥൻ സംഘത്തിലുള്ളവർക്കെതിരേ രംഗത്തെത്തി. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു. ഇത്രും മര്യാദയില്ലാതെ പെരുമാറിയ നിങ്ങളെ റാഗിങ്ങ് എന്താണെന്ന് ഞങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞ് നാട്ടുകാരും ഒപ്പം കൂടി.

പെൺകുട്ടിയോട് ചോദിച്ച അതേ മോഡലിൽ നാട്ടുകാർ സംഘത്തിലെ സ്ത്രീകളെ ചോദ്യം ചെയ്തതോടെ അവരും കരച്ചിലിന്റെ വക്കിലെത്തി. ഇതോടെ നാട്ടുകാർ സ്ത്രീകളെ മാത്രം വിട്ടയച്ചു. ഒപ്പമുണ്ടായിരുന്നു രണ്ടു പുരുഷന്മാരെ രണ്ടു മണിക്കൂറോളം വീട്ടിൽ ബന്ദിയാക്കി. സംഘമെത്തിയ കാറുകളിൽ ഒന്ന് വിട്ടുകൊടുത്തില്ല. ഒടുവിൽ സിപിഎം പ്രാദേശിക നേതാക്കാൾ രംഗത്തിറങ്ങിയാണ് പ്രശ്നം ശാന്തമാക്കിയത്. യുവതി പിന്നീട് ആശുപത്രിയിൽ ചികിത്സതേടി. പെണ്ണുകാണൽ ചടങ്ങിന്റെ പേരിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നതെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ വിശദീകരണം. ഇദ്ദേഹവും പ്രവാസിയാണ്.

എന്നാൽ ഇത്തരം പെണ്ണുകാണൽ റാഗിംങ്ങുകൾ വടകര നാദാപുരം തലശ്ശേരി മേഖലിൽ വ്യാപകമാവുകയാണെന്നും മുളയിലേ നുള്ളിയില്ലെങ്കിൽ ഇത് മറ്റൊരു വിവാഹ റാഗിങ്ങ് പോലെയാവുമെന്നുമാണ്, ജനമൈത്രി പൊലീസും മുന്നറിയിപ്പ് നൽകുന്നുണ്ട്.