ഡ്രൈവിങ് ലൈസന്‍സില്‍ തെറ്റായ വിവരം ചേര്‍ത്തതിന്ലൈസന്‍സ് ഉടമ പിഴ അടക്കേണ്ടതില്ല: ജില്ലാ ഉപഭോക്തൃ കമ്മീഷന്‍
ഡ്രൈവിങ് ലൈസന്‍സില്‍ കാലാവധി തെറ്റായി രേഖപ്പെടുത്തിയതിന് ലൈസന്‍സ് പുതുക്കാന്‍ പിഴ അടക്കേണ്ടതില്ലെന്ന് ജില്ലാ ഉപഭോക്തൃതര്‍ക്ക് പരിഹാര കമ്മീഷന്‍ വിധിച്ചു. മഞ്ചേരിയിലെ അഭിഭാഷകന്‍ കെ.എം അബ്ദുറഹിമാന്‍ നല്‍കിയ പരാതിയിലാണ് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍ അംഗവുമായ കമ്മീഷന്റെ വിധി. കെ.എം അബ്ദുറഹിമാന് 2001 നവംബര്‍ 22ന് അനുവദിച്ച ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി 2021 നവംബര്‍ 21ന് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതുപ്രകാരം ലൈസന്‍സ് പുതുക്കാന്‍ യഥാസമയം ലൈസന്‍സ് അതോറിറ്റിയെ സമീപിച്ചപ്പോള്‍ 2009-ല്‍ തന്നെ കാലാവധി അവസാനിച്ചിരുന്നുവെന്നും 8000 രൂപ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന നിയമപ്രകാരം 20 വര്‍ഷം ലൈസന്‍സിന് കാലാവധിയുണ്ടെങ്കിലും 50 വയസ്സ് തികയുമ്പോള്‍ ലൈസന്‍സ് പുതുക്കാന്‍ ലൈസന്‍സ് ഉടമ ബാധ്യസ്ഥനാണെന്നതിനാലാണ് പിഴ ആവശ്യപ്പെട്ടതെന്നും ഓഫീസ് രേഖകളില്‍ ലൈസന്‍സ് കാലാവധി 50 വയസ്സ് തികയുന്ന 2009സെപ്തംബര്‍ 18 എന്ന് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എതിര്‍കക്ഷി കമ്മീഷന്‍ മുമ്പാകെ ആവശ്യപ്പെട്ടു. എന്നാല്‍ പരാതിക്കാരന് നല്‍കിയ രേഖയിലെ വിവരം വിശ്വസിച്ച് കഴിഞ്ഞ 10 വര്‍ഷത്തിലധികമായി നിയമപ്രകാരം സാധുതയില്ലാത്ത ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ ഇടവന്നത് എതിര്‍കക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഈ കാലയളവില്‍ വാഹനം ഉപയോഗിക്കുമ്പോള്‍ ഗൗരവമേറിയ അപകടമുണ്ടായാല്‍ പരിക്ക് പറ്റുന്നയാളും വാഹന ഉടമയും ഗുരുതര പ്രതിസന്ധിയിലാകുമായിരുന്നുവെന്നും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷൂര്‍ ആനുകൂല്യം നല്‍കാതിരിക്കാനുള്ള മതിയായ കാരണവുമാണ് എതിര്‍കക്ഷിയുടെ വീഴ്ചയെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. 2019-ലെ വാഹന നിയമഭേദഗതി അനുസരിച്ച് സെക്ഷന്‍ 14 പ്രകാരം 20 വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ല. 30, 40, 50, 55 എന്നിങ്ങനെ വയസ്സ് പരിഗണിച്ച് ലൈസന്‍സ് കാലാവധിയില്‍ വ്യത്യാസമുണ്ട്. ഇതുപരിഗണിച്ച് ലൈസന്‍സ് കാലാവധി രേഖപ്പെടുത്തുന്നതില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിക്കാരന്റെ ലൈസന്‍സില്‍ കാലാവധി രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയിരിക്കയാല്‍ പിഴ കൂടാതെ ലൈസന്‍സ് പുതുക്കി നല്‍കണമെന്നും പിഴ നല്‍കിയാലേ ലൈസന്‍സ് പുതുക്കാന്‍ കഴിയൂ എങ്കില്‍ ആയത് എതിര്‍കക്ഷി നല്‍കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.