സംസ്ഥാനത്ത് 557 രാഷ്ട്രീയ ക്രിമിനലുകൾ ഗുണ്ടാ ലിസ്റ്റിൽ
തിരുവനന്തപുരം: രാഷ്ട്രീയ സ്വാധീനത്താൽ വിലസിയ 557ക്രിമിനലുകളെ ഗുണ്ടാലിസ്റ്റിൽപ്പെടുത്തിയും 701 പേരെ ‘കാപ്പ” (ഗുണ്ടാനിയമം) ചുമത്തിയും പൊലീസ് ഗുണ്ടാവേട്ട ശക്തിപ്പെടുത്തി. പത്തനംതിട്ടയിൽ 171, തിരുവനന്തപുരത്ത് 98 സ്ഥിരം ക്രിമിനലുകളെയാണ് ലിസ്റ്റിലുൾപ്പെടുത്തിയത്. രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടകളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നില്ലെന്നും ഗുണ്ടാനിയമം ചുമത്താൻ കളക്ടർക്കുള്ള അപേക്ഷയിൽ കേസ് വിവരങ്ങൾ തെറ്റിച്ച് ഗുണ്ടകളെ രക്ഷിക്കുന്നതായുമുള്ളതിനെ തുടർന്നാണ് നടപടി.

റേഞ്ച് ഡി.ഐ.ജിമാരുടെ മേൽനോട്ടത്തിലുള്ള സെല്ലുകളുടെ ചുമതലയിൽ സ്റ്റേഷനുകളിലെ ഗുണ്ടാലിസ്റ്റ് പുതുക്കി. ക്രിമിനലുകളുടെ ഏഴ് വർഷത്തെ കേസ് ചരിത്രം ശേഖരിക്കാനും നടപടി തുടങ്ങി. ഗുണ്ടാലിസ്റ്റുണ്ടാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ഇടപെടാറില്ലെന്ന് ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഡി.ഐ.ജിമാരുടെ സെല്ലുണ്ടാക്കിയത്. ഗുണ്ടകൾക്ക് മയക്കുമരുന്നെത്തിക്കുന്നവരും വിതരണക്കാരുമായ സ്ഥിരം ക്രിമിനലുകളെയും ഗുണ്ടാലിസ്റ്റിൽപ്പെടുത്തി.
അതേസമയം കാപ്പ ചുമത്തിയ 179പേർക്കെതിരെ സി.ആർ.പി.സി-107പ്രകാരം കേസെടുത്തു. ഇവരെ ജില്ലാമജിസ്ട്രേറ്റിന് ഒരുവർഷംവരെ നാടുകടത്താം. 93പേർക്കെതിരെ ഗുണ്ടാനിയമപ്രകാരം കരുതൽ തടങ്കലിലാക്കാനും നടപടി തുടങ്ങി. 23ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കി. ഗുണ്ടാനിയമം ചുമത്താനുള്ള അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ചീഫ്സെക്രട്ടറി കളക്ടർമാരുടെ യോഗം വിളിച്ച് നിർദ്ദേശിച്ചിട്ടുണ്ട്.
എന്താണ് കാപ്പ
പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാത്തിനും ഭീഷണിയാവുന്ന കെടുംകുറ്റവാളികളെ തുറങ്കലിലടയ്ക്കാനുള്ള നിയമമാണ് കാപ്പ. അഞ്ച് വർഷം ശിക്ഷകിട്ടാവുന്ന കേസ്, ഒന്നു മുതൽ അഞ്ചുവർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകൾ എന്നിവയോ മൂന്ന് കേസുകൾ വിചാരണ ഘട്ടത്തിലോ ആണെങ്കിലാണ് കാപ്പ ചുമത്താനാവുക. കൊള്ളപ്പലിശക്കാർ, വസ്തുക്കൾ തട്ടിയെടുക്കുന്നവർ, ഹവാല ഇടപാടുകാർ, ഗുണ്ടാപ്പിരിവുകാർ, അനാശ്യാസക്കാർ, ഗുണ്ടകൾ, ബ്ലേഡ്-മണൽ മാഫിയ, കള്ളനോട്ടടിക്കാർ, മയക്കുമരുന്ന്-വ്യാജമദ്യ ഇടപാടുകാർ എന്നിവർക്കെതിരെയും കാപ്പ ചുമത്താം.
പുതിയ ഗുണ്ടകൾ
തിരുവനന്തപുരം- 98
കൊല്ലം- 53
ആലപ്പുഴ -64
കോട്ടയം- 30
എറണാകുളം- 41
തൃശൂർ- 41
പാലക്കാട്- 21
മലപ്പുറം- 15
കോഴിക്കോട്- 26
വയനാട്- 20
‘കാപ്പ ചുമത്താൻ സ്റ്റേഷനുകളിൽ ഗുണ്ടകളുടെ കേസ് വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാൻ നിർദ്ദേശിച്ചു. കൂടുതൽ ക്രിമിനലുകളെ ഉൾപ്പെടുത്തി ഗുണ്ടാലിസ്റ്റ് പുതുക്കും. ഇതൊരു തുടർ പ്രവർത്തനമാണ്. ശക്തമായ നടപടികൾ തുടരും”, – മനോജ് എബ്രഹാം, അഡി. ഡി.ജി.പി