ഭാര്യാസഹോദരനെ കുടുക്കാൻ കള്ളപോക്‌സോ കേസ്; വഴിക്കടവിൽ പിതാവിനെതിരെ നടപടി

മലപ്പുറം: ഭാര്യാസഹോദരനെ കുടുക്കാൻ നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന് നാലുവയസ്സുകാരിയുടെ പിതാവിന്റെ പരാതി. പോക്സോ കേസിനാസ്പദമായ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കുട്ടിയുടെ പിതാവിനെതിരെ നടപടി സ്വീകരിക്കാൻ സിഡബ്ല്യുസി പൊലീസിനു നിർദ്ദേശം നൽകി. സംഭവം മലപ്പുറം വഴിക്കടവിൽ.

വഴിക്കടവ് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് നടപടി. മാതാവിന്റെ വീട്ടിൽ കഴിയുന്ന നാലു വയസ്സുകാരിയെ അമ്മാവൻ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ പിതാവിന്റെ പരാതി. കുട്ടിയെ കഴിഞ്ഞ 24നു സിഡബ്ല്യുസി മുൻപാകെ ഹാജരാക്കി. കൗൺസിലിങ്ങിൽ, പിതാവ് ആവശ്യപ്പെട്ടതിനാലാണ് അമ്മാവനെതിരെ പരാതി പറഞ്ഞതെന്ന് കുട്ടി മൊഴി നൽകി.

മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ കൊണ്ടു തെറ്റായ മൊഴി നൽകിപ്പിച്ചതെന്നും ബോധ്യപ്പെട്ടു.മജിസ്ട്രേട്ടിനു മുൻപിലും മൊഴി ആവർത്തിച്ചു. പോക്സോ വകുപ്പ് പ്രകാരം പിതാവിനെതിരെ കേസ് എടുക്കണമെന്ന റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്കു സമർപ്പിച്ചതായി സിഡബ്ല്യുസി ചെയർമാൻ ഷാജേഷ് ഭാസ്‌കർ പറഞ്ഞു.

കുടുംബ വഴക്കുമൂലം ഇത്തരത്തിൽ വ്യാജമായി പോക്സോ കേസുകൾ ദുരുപയോഗം ചെയ്തുവരുന്നുണ്ടെന്നു ഡി.ഡബ്ളൂ.സി.ചെയർമാൻ ഷജേഷ് ഭാസ്‌കർ പറഞ്ഞു. അംഗങ്ങളായ കെ.പി.തനൂജ ബീഗം, സി.സി.ദാനദാസ്, ഷീന രാജൻ, കെ.ടി.ഷഹനാസ് എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.