എം.എസ്.എഫ് ഭാരവാഹിക്കെതിരെ സൈബര്‍ ആക്രമണം; പിന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍
മലപ്പുറം: എം.എസ്.എഫ് മുൻ ഭാരവാഹിക്കെതിരെ സൈബർ ആക്രമണം. സർ സയ്ദ് കോളേജ് എം.എസ്.എഫ് മുൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ആഷിഖ ഖാനമാണ് പൊലീസിൽ പരാതി നൽകിയത്. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി അനീസ് ആണ് ആഷിഖക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ ആറു മാസമായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുപയോഗിച്ച് തന്നെ അപമാനിക്കുന്നതായാണ് സർ സയ്ദ് കോളേജ് എം.എസ്.എഫ് മുൻ ഭാരവാഹിയും മലപ്പുറം പൂക്കാട്ടിരി സ്വദേശിനിയുമായ ആഷിഖയുടെ പരാതി. കുടുംബം മാനസികമായി തകർന്ന അവസ്ഥയിലാണ് പൊലീസിൽ പരാതി നൽകിയതെന്നും ആഷിഖ പറഞ്ഞു.
വ്യാജ ഐ.ഡിയുണ്ടാക്കി ആഷിഖ ഖാനത്തെ അപമാനിക്കാൻ ശ്രമിച്ചത് മലപ്പുറം ചാപ്പനങ്ങാടിയിലെ അനീസ് ആണെന്ന് സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. എം.എസ്.എഫ് ജില്ലാ ഭാരവാഹിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി മുഹമ്മദ് അനീസ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതെന്നും, സംഭവത്തിൽ മുസ്‍ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കുമെന്നും ആഷിഖ ഖാനം പറഞ്ഞു.
എന്നാല്‍ സൈബര്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് എം.എസ്.എഫ് നേതാക്കളുടെ വാദം. ആരോപണവിധേയനോപ്പം പൊലീസ് സ്റ്റേഷനിൽ പോയെന്ന ആരോപണവും എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടി നിഷേധിച്ചു .