വാഹനങ്ങള്‍ എടുത്ത് മറിച്ചു വില്‍ക്കും; പ്രതി പിടിയില്‍
മന്നാര്‍: കല്യാണം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞു കൊണ്ട് പരിചയക്കാരുടെ വാഹനങ്ങള്‍ എടുത്ത് മറിച്ചു വില്‍ക്കുകയും ചെയ്തയാള്‍ പൊലീസ് പിടിയില്‍. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയില്‍ ചിറമേല്‍ മഹേഷ് (35)ആണ് അറസ്റ്റിലായത്.
എണ്ണക്കാട് സ്വദേശികളായ ആന്‍സി കമലേഷ്, സൗമ്യ കൃഷ്ണന്‍, തഴക്കര സ്വദേശിയായ മനു മാത്യു എന്നിവരുടെ പക്കല്‍ നിന്ന് രണ്ട് സ്വിഫ്റ്റ് കാര്‍, ഒരു എര്‍ട്ടിഗ കാര്‍ ഇങ്ങനെ മൂന്ന് വാഹനങ്ങള്‍ വാങ്ങിക്കുയും പിന്നീട് തിരിച്ചുകൊടുക്കാതെ മറിച്ചു വില്‍ക്കുകയും ചെയ്യുകയായിരുന്നു. 2021 നവംബര്‍, ഓഗസ്റ്റ് മാസങ്ങളിലാണ് വാഹനങ്ങള്‍ ഇവരുടെ പക്കല്‍ നിന്ന് പല ആവശ്യങ്ങള്‍ പറഞ്ഞ് എടുത്തത്.
എന്നാല്‍ തിരിച്ചുകൊടുക്കാതെ വന്നതോടെ അന്വേഷിച്ചപ്പോള്‍ ഉടന്‍ തന്നെ നല്‍കാമെന്നായിരുന്നു മറുപടി. ജനുവരി എട്ടായിട്ടും വാഹനം കിട്ടാതെ വന്നതോടെയാണ് ഉടമകള്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് സ്റ്റേഷനിലെത്തി ജനുവരി 31ന് വാഹനങ്ങള്‍ തിരിച്ചു കൊടുക്കാം എന്നുള്ള ഒരു കരാര്‍ ഉടമ്പടി വെച്ച് പോകുകയും ചെയ്തു. ജനുവരി 31നും വാഹനങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ഉടമകള്‍ വീണ്ടും പോലീസ് സ്റ്റേഷനില്‍ സമീപിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് വാഹനങ്ങള്‍ തമിഴ്‌നാട് കമ്പംമേട്ട് എന്ന സ്ഥലത്ത് വില്പന നടത്തിയതായി അറിയുന്നത്. തുടര്‍ന്ന് മഹേഷിനെ പോലീസ് കമ്പംമെട്ട് നിന്ന് അറസ്റ്റ് ചെയ്യുകയും മൂന്ന് വാഹനങ്ങളില്‍ ഒരെണ്ണം അവിടെ നിന്ന് കണ്ടെത്തുകയും ചെയ്തു. മറ്റ് രണ്ട് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.