എയര്‍ലിഫ്റ്റ് ചെയ്ത ബാബുവിനെ ആശുപത്രിയിലെത്തിച്ചു; അവശനിലയില്‍
മലമ്പുഴ: 46 മണിക്കൂർ മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. മലമുകളിലെത്തിച്ച ബാബു അവശ നിലയിലായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്റ്റർ മലയിലെത്തുകയായിരുന്നു. ഗോവണി ഉപയോഗിച്ചാണ് ഹെലികോപ്റ്ററിൽ കയറ്റിയത്.
അടിയന്തര വൈദ്യ സഹായം നൽകാൻ ജില്ലാ ആശുപത്രിയിൽ എത്തിക്കും. ബാബു രക്തം ഛർദ്ദിച്ചതായും പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിക്കണമെന്നും രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. രക്ഷപ്പെടുത്തി ഒന്നര മണിക്കൂറിന് ശേഷമാണ് ബാബുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നത്. നിർജലീകരണ പ്രശ്‌നം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആശുപത്രിയിൽ എല്ലാ വിധ ചികിത്സയും സജ്ജമായതായി അധികൃതർ അറിയിച്ചു.
ആർമിയും എൻ.ഡി.ആർ .എഫും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ രാത്രി ചെറാട് മലയിലെത്തിയ സൈന്യം രാവിലെ 9 മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരെ ചുംബിച്ചാണ് ബാബു സ്നേഹം പ്രകടിപ്പിച്ചത്.
ഇന്ന് രാവിലെ 10.15ഓടെ ബാബുവിനെ സൈന്യം മലമുകളിലേക്ക് എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത് . തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി..കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്ന് പുലർച്ചെ വരെ ബാബുവിന്‍റെ അടുത്തെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ 9 മണിയോടെയാണ് വടം കെട്ടി ബാബുവിനടുത്തേക്ക് സൈനികർ ഇറങ്ങിയത്.