തിരൂരില്‍ ഒളിവില്‍ കഴിയുക ആയിരുന്ന പെപ്പര്‍ തങ്കച്ചനെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശ്ശേരി: പെപ്പര്‍ തങ്കച്ചന്‍ എന്ന പേരില്‍ പ്രസ്സിദ്ധനായ കള്ളന്‍ ആള് അത്ര നിസ്സാരക്കാരനല്ല. ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സഘം ഇയാളെ വലയില്‍ ആക്കുന്നത്. ഇയാളെ പിടികൂടാനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇതോടെയാണ് തങ്കച്ചന്‍ വലയിലായത്.

വലിയ കടകളില്‍ കയറി മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്നതാണ് തങ്കച്ച​ന്റെ ജീവിത രീതി. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണ്. അടുത്തിടെ ചങ്ങനാശ്ശേരിയിലെ രണ്ട് വെള്ളി കടകളില്‍ മോഷണം നടത്തിയതും ഇയാളായിരുന്നു. ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡിനു അടുത്തുള്ള നിയോ മെഡിക്കല്‍ സ്റ്റോര്‍ തുറന്ന് 15,500 രൂപയും തങ്കച്ചന്‍ മോഷ്ടിച്ചിരുന്നു. ഈ മോഷണത്തിന് ശേഷം ഇയാള്‍ മലപ്പുറം തിരൂരില്‍ ഒളിവില്‍ കഴിയുക ആയിരുന്നു. പിന്നീട് റെയില്‍വേ പോലീസില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് പോലീസ് പിടിയിലാകുന്നത്. പിന്നീട് ഇയാളെ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നിരവധി കേസുകളില്‍ പ്രതിയാണ് പെപ്പര്‍ തങ്കച്ചന്‍. ഇരുപത്തിമൂന്നോളം കേസുകള്‍ ഇപ്പോള്‍ തന്നെ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴയിലെ ഒരു വാച്ച്‌ കട കുത്തിതുറന്ന് കടയിലെ മുഴുവന്‍ സാധങ്ങളും മോഷണം നടത്തിയതും ഇയാള്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം പത്തനംതിട്ട ജില്ലകളില്‍ തങ്കച്ചന്‍ മോഷണം പതിവായിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാന്‍ കഴിയാതെ കുഴങ്ങിയിരിക്കുകയായിരുന്നു പോലീസ്.

ആഘോഷമായി ജീവിക്കാനും പല സ്ത്രീകളുമായും കിടപ്പറ പങ്കിടാനുമാണ് പെപ്പര്‍ തങ്കച്ചന്‍ മോഷ്ടിച്ച പണം ചിലവഴിച്ചിരുന്നത്. വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ ധരിച്ച് എക്സിക്യൂട്ടീവ് ലുക്കില്‍ നടന്നിരുന്ന തങ്കച്ചന്‍ മുന്തിയ ബാറുകളില്‍ എക്സിക്യൂട്ടീവ് ലോഞ്ചില്‍ ഇരുന്നു മാത്രമേ മദ്യപിച്ചിരുന്നുള്ളൂ. ഇയാളെ തിരൂരില്‍ നിന്നും പിടികൂടുംബോൾ കയ്യില്‍ 47,923 രൂപയും ഉണ്ടായിരുന്നു.

മോഷണ മുതല്‍ കണ്ണൂരിലെത്തിച്ചായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. ഇതിനായി പ്രത്യേക സംഘവും പ്രവര്‍ത്തിച്ചിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശമനുസരിച്ച് ഡിവൈഎസ്പി ആര്‍ ശ്രീകുമാറാണ് ഇയാളെ പിടി കൂടിയത്.