മലപ്പുറത്ത് നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ നടുറോഡിൽ ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ. വരക്കുളത്തുള്ള കീഴ്പുള്ളി വിനീഷ് എന്ന കുട്ടാപ്പി ( 26) ആണ് പിടിയിൽ ആയത്. നിലമ്പൂർ വഴിക്കടവ് വരക്കുളത്താണ് സംഭവം. കഴിഞ്ഞ മാസം 28 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

പുലർച്ചെ 5 മണിയോടെ വരകുളത്തെ വീട്ടിൽ നിന്നും മണിമൂളിയിലെ ചർച്ചിലേക്ക് ഒറ്റയ്ക്ക് നടന്നു പോകുംവഴി ആയിരുന്നു അതിക്രമം നടന്നത്. മണിമൂളി ടൗണിലേക്ക് എത്തുന്ന നടപ്പാലത്തിനടുത്തുവച്ച് വിജനമായ വഴിയിലൂടെ ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എതിരെ വന്ന യുവാവ് വീട്ടമ്മയെ കണ്ട് ബൈക്ക് നിർത്തി വീട്ടമ്മയുടെ ശരീരത്തിൽ കയറി പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയും ചെയ്തു. വീട്ടമ്മ ഒഴിഞ്ഞു മാറുകയും ഒച്ച വയ്ക്കുകയും ചെയ്തതോടെ പ്രതി ബൈക്കിൽ രക്ഷപെടുകയായിരുന്നു.

വിജനമായ സ്ഥലത്ത് വെച്ചാണ് വീട്ടമ്മയ്ക്കുനേരെ അതിക്രമം ഉണ്ടായത്. സ്ഥിരമായി വർഷങ്ങളായി വീട്ടമ്മ ഇതുവഴി യാത്ര ചെയ്യാറുള്ള വഴിയും ആണ്. ആദ്യമായാണ് ഇത്തരത്തിൽ ഒരു അനുഭവം നേരിട്ടത്. ഭയന്നുവിറച്ച വീട്ടമ്മ ഭർത്താവുമൊന്നിച്ച് വഴിക്കടവ് പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു.

സംഭവസമയം ഇരുട്ടും സ്ഥലത്ത് വിജനതയും ആയതുകൊണ്ട് പ്രതിയെ കണ്ടുപിടിക്കാൻ പോലീസ് വളരെ പ്രയാസപ്പെട്ടു. കേരള രജിസ്ട്രേഷൻ അല്ല ബൈക്കിൽ എന്ന് വീട്ടമ്മ സംശയം പ്രകടിപ്പിച്ചത് ആണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാമിൻറെ നേതൃത്വത്തിൽ വഴിക്കടവ് ഇൻസ്പെക്ടർ അബ്ദുൽ ബഷീറും പ്രത്യേക അന്വേഷണ സംഘവും വീട്ടമ്മയിൽ നിന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും ബൈക്കുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി.

അന്വേഷണത്തിൽ പ്രതി വരക്കുളത്തുള്ള കീഴ്പുള്ളി വിനീഷ് എന്ന കുട്ടാപ്പി ആണെന്ന് തിരിച്ചറിഞ്ഞു. വിനീഷ് വീട്ടമ്മയെ മുമ്പ് പരിചയം ഉള്ള ആളും പ്രദേശത്തുകാരനുമാണ്. വിനീഷിൻ്റെ ബൈക്ക് രജിസ്ട്രേഷൻ രാജസ്ഥാൻ ആണ്. വീട്ടമ്മയും വിനീഷിനെ സംശയിച്ചിരുന്നു.

അച്ഛൻ അമ്മയെ ഉപേക്ഷിച്ചതു കാരണം അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടുകാർക്ക് പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു. വഴിക്കടവ് സ്റ്റേഷനിലെത്തിച്ച് പ്രത്യേകാന്വേഷണസംഘം ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി. സ്ത്രീകൾക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയതിന് എതിരായ വകുപ്പുകളാണ് ഇയാൾക്ക് എതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വഴിക്കടവ് ഇൻസ്പെക്ടർക്ക് പുറമെ എസ് ഐ തോമസ്കുട്ടി ജോസഫ്,പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ എം അസ്സൈനാർ, എസ് സി പി ഒ മാരായ സുനിൽ എൻ.പി, റിയാസ്, സി പി ഒ മാരായ ജിയോ ജേക്കബ്,അഭിലാഷ്, ക്ലിന്റ്, എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.