പിക് അപ്പ് വാനുകൾ മോഷ്ടിച്ചു തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിക്കവെ പ്രതി അറസ്റ്റിൽ
കുറ്റിപ്പുറം: മോഷ്ടിച്ച വാഹനം തമിഴ്‌നാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ യുവാവിനെ കുറ്റിപ്പുറം പൊലീസ് പിടികൂടി. കോയമ്പത്തൂർ സുന്ദരപുരം കാമരാജ് നഗർ സ്വദേശി ഷമീറിനെയാണ് പിടികൂടിയത്. ചോലവളവിലുള്ള സ്ഥാപനത്തിൽ നിർത്തിയിട്ട പിക് അപ് മോഷ്ടിച്ചയാളെയാണ് ആലത്തൂർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.

മോഷ്ടിച്ച വാഹനം തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിക്കവെ വാളയാർ ഭാഗത്ത് നിന്നാണ് ഇയാൾ പിടിയിലായത്. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നായി 30ലധികം പിക് അപ്പുകൾ ഒന്നര മാസത്തിനിടയിൽ മോഷ്ടിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഊർജിതമായ അന്വേഷണം നടക്കുന്നതിനിടക്കാണ് കഴിഞ്ഞ ദിവസം രാത്രി ചോലവളവിലെ സ്ഥാപനത്തിൽ നിന്ന് വാഹനം മോഷണം പോയത്.
സമീപ ജില്ലകളിലെ പൊലീസുമായി സഹകരിച്ച് തിരച്ചിൽ നടത്തുന്നതിനിടെ ആലത്തൂരിൽ നിന്നും വാഹനം കളവ് പോയതായി വിവരം ലഭിച്ചിരുന്നു. പാലക്കാട് പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് മോഷണവാഹനവുമായി ഇയാൾ പിടിയിലായത്. ഇതോടെ സംഘത്തിലെ പ്രധാന കണ്ണികളിലേക്ക് എത്തിപ്പെടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.