വാഹനം വാടകയ്‌ക്കെടുത്ത് ജിപിഎസ് ഘടിപ്പിച്ച് ഒഎൽഎക്‌സിൽ വിൽപ്പന നടത്തും, പിന്നീട് മോഷണം; മലപ്പുറം സ്വദേശികൾ പിടിയിൽ

കൊച്ചി: ഒൽഎൽഎക്‌സ് വഴി ഹൈടെക്ക് മോഷണം നടത്തുന്ന സംഘം പിടിയിൽ. രേഖകൾ ഇല്ലാതെ വിൽപ്പന നടത്തിയ വാഹനം പിന്തുടർന്ന് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളെയായ പ്രതികളെ പാലാരിവട്ടം പോലീസ് ബാംഗ്ലൂരിൽ നിന്നുമാണ് പിടികൂടിയത്.

പരപ്പനങ്ങാടി സ്വദേശി ഇക്ബാൽ, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫാഹിൽ, ശ്യാം മോഹൻ എന്നിവരാണ് പിടിയിലായത്. വിൽപ്പന നടത്തുന്ന വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ച ശേഷം മോഷ്ടിക്കുകയാണ് ഇവരുടെ രീതി.

പാലാ ഒൽഎൽഎക്‌സിൽ കാർ വിൽക്കാനുണ്ടെന്ന് കാണിച്ച് പ്രതികൾ പരസ്യം നൽകി. തുടർന്ന് അന്വേഷിച്ച് എത്തിയ തിരുവനന്തപുരം സ്വദേശിക്ക് ഹുണ്ടായ് വെർണാ കാർ കോഴിക്കോട് യൂണിവേഴ്‌സിറ്റി ഭാഗത്തുവെച്ച് വിൽപ്പന നടത്തുകയും ശേഷം ഇയാളെ പിന്തുടരുകയുമായിരുന്നു. തുടർന്ന് വാഹനം വാങ്ങിയ ആൾ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ പാർക്കിംഗ് ഏരിയയിൽ നിന്നും ഡ്യുപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് സംഘം കാർ മോഷ്ടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

പാലക്കാട് സ്വദേശിയിൽ നിന്നും പ്രതികൾ വാങ്ങിയ കാറിന് ബാക്കി തുക ഇവർ ഇനിയും നൽകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതേ കാർ നൽകി പള്ളുരുത്തി സ്വദേശിയിൽ നിന്നും അറ് ലക്ഷം രൂപ നേരത്തെ കൈക്കലാക്കിയിരുന്നു. ഇതേ കാർ കാണിച്ച് സംഘം വളപട്ടണം സ്വദേശിയിൽ നിന്നും പണം തട്ടിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഒൽഎൽഎക്‌സ് വഴി വാഹനം കാട്ടി പ്രതികൾ കൂടുതൽ പേരിൽ നിന്നും തുക തട്ടിയിട്ടുണ്ടോയെന്ന പരിശോധനയിലാണ് പോലീസ്.പ്രതികളിലൊരാളായ ഇക്ബാലിനെതിരെ കോഴിക്കോട് ചേവായൂർ പോലീസിൽ നിലവിൽ പോക്‌സോ കേസുണ്ടെന്നാണ് വിവരം. ഇയാൾ ഒളിവിലായിരുന്നു.