നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഒന്നാകുന്നു
കോഴിക്കോട്: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവും വിവാഹിതരാകുന്നു. ബാലസംഘം കാലം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ഒരു മാസത്തിന് ശേഷമാവും വിവാഹം.
വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ എം നന്ദകുമാർ അറിയിച്ചു. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. ആര്യയാകട്ടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും.
എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയായ സച്ചിൻ ദേവ് കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചു. കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും സച്ചിൻ നേടിയിട്ടുണ്ട്.
തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജിലെ വിദ്യാർത്ഥിയായിരിക്കെ ഇരുപത്തിയൊന്നാം വയസിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകുന്നത്.