കഞ്ചാവ് വേട്ട; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴയിൽ വന്‍ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി മൂന്ന് പേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ എറണാകുളം ഞാറയ്ക്കല്‍ കളത്തിവീട്ടില്‍ സുകന്യ (25), മലപ്പുറം മേല്‍മുറി അണ്ടിക്കാട്ടില്‍ ജുനൈദ് (26), മലപ്പുറം വെസ്റ്റ്കോട്ടൂര്‍ കൊയ്‌നിപറമ്പില്‍ റിന്‍ഷാദ് (28) എന്നിവരാണ് അറസ്റ്റിലായത്.
ചേര്‍ത്തല ഭാഗത്തെ ഇടപാടുകാര്‍ക്ക് കഞ്ചാവ് കൈമാറാന്‍ നില്‍ക്കവെയാണ് ഇവര്‍ പൊലിസിന്റെ പിടിയിലായത്. ഏകദേശം ആറ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് ഇവരുടെ പക്കല്‍നിന്നും പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായതെന്നും അന്വേഷണ സംഘം അറിയിച്ചു.
പ്രതികളില്‍ ഒരാളായ ജൂനൈദ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് വാങ്ങി മലപ്പുറത്ത് എത്തിക്കുകയും അവിടെ നിന്നും എറണാകുളത്തേക്കും, ആലപ്പുഴയിലേക്കും മൊത്ത വില്‍പ്പനക്കാര്‍ക്ക് കൈമാറുന്നതുമാണ് രീതിയെന്നും പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തലയിലും പരിസരത്തും നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികളെ പിടികൂടാനായത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുകയാണെന്നും കൂടുതല്‍ പേര്‍ ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ പിടിലാകുമെന്നാണ് കരുതുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി, എം കെ ബിനുകുമാര്‍, ആലപ്പുഴ ഡി വൈ എസ് പി ജയരാജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ് രാജേഷ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ സെസില്‍ ക്രിസ്റ്റ് രാജ്. ജോഷി, അനില്‍ എ എസ്, രാജേഷ്, ജാക്‌സണ്‍, റെജിമോന്‍, രാജേഷ്, ജഗദീഷ്, സനുരാജ്, ശ്രീദേവി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ്, എ എസ് ഐ സന്തോഷ്, ജാക്‌സണ്‍, ഉല്ലാസ്, എബി തോമസ്, അബിന്‍, ഷാഫി, ജീതിന്‍, അനൂപ്, ശ്രീജ, റോസ് നിര്‍മ്മല എന്നിവര്‍ അടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.