ജില്ലയിൽ ലാംബ്ഡ പരിശോധനാ സൗകര്യമില്ല, പുകമറയിൽ സർട്ടിഫിക്കറ്റ്

മലപ്പുറം: ബി.എസ് 6 വാഹനങ്ങൾക്ക് പിന്നാലെ ബി.എസ് 4നും ലാംബ്ഡ പരിശോധന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർബന്ധമാക്കിയത് വാഹന ഉടമകളെയും പുക പരിശോധനാ കേന്ദ്രങ്ങളെയും ഒരുപോലെ വെട്ടിലാക്കുന്നു. ജില്ലയിൽ എവിടെയും ലാംബ്ഡ പരിശോധനയ്ക്കുള്ള സൗകര്യമില്ല. വാഹനങ്ങളിലെ ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന ഓക്സിജന്റെ അനുപാതം കണക്കാക്കുന്നതിനാണ് ലാംബ്ഡ പരിശോധന നടത്തുന്നത്. 2,500 ആർ.പി.എമ്മിൽ വേണം പരിശോധന. എങ്കിലേ ഇന്ധനത്തിന് പൂർണ്ണമായും കത്താനാവൂ. പുക പരിശോധന കേന്ദ്രങ്ങളിൽ നിലവിൽ ഉപയോഗിക്കുന്ന മെഷീനുകളിൽ പ്രത്യേക ആർ.പി.എം സെൻസർ ഘടിപ്പിച്ചാൽ മാത്രമേ ലാംബ്ഡ പരിശോധന നടത്താനാവൂ. 35,000 രൂപ മുതൽ ഒരുലക്ഷം വരെ അധിക ചെലവ് വരും.

വാഹന പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ബി.എസ് 6 വാഹനങ്ങൾക്ക് സർക്കാർ ഒരുവർഷത്തേക്ക് നൽകിയ ഇളവ് അവസാനിച്ചിട്ടുണ്ട്. ലാംബ്‌ഡ പരിശോധനാ സംവിധാനങ്ങളുടെ കുറവിന്റെ പേരിൽ രണ്ട് മാസത്തേക്ക് കൂടി ഇളവ് നീട്ടിനൽകിയത് ഫെബ്രുവരിയിൽ അവസാനിക്കും. പൊലീസ്,​ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ വ്യക്തതക്കുറവുള്ളതിനാൽ പിഴ ചുമത്തുമോയെന്ന ആശങ്കയിലാണ് വാഹന ഉടമകൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ലാംബ്ഡ പരിശോധനയ്ക്കുള്ള ആർ.പി.എം സെൻസർ ഘടിപ്പിക്കുമെന്ന വാഗ്ദാനമാണ് മെഷീൻ നിർമ്മാണ കമ്പനികൾ മോട്ടോർ വാഹന വകുപ്പിനെയും പുക പരിശോധനാ കേന്ദ്രങ്ങളെയും അറിയിച്ചിരുന്നത്. സമയ പരിധി കഴിയാറാവുമ്പോഴും സെൻസർ ഘടിപ്പിച്ചിട്ടില്ല.

ബൈക്കുകൾ എന്ത് ചെയ്യും?

ലാംബ്ഡ പരിശോധന നിർബന്ധമാക്കിയതിന് പിന്നാലെ ഇതിനുള്ള സാങ്കേതിക സൗകര്യം നിലവിലുള്ള മെഷീനുകളിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പുക പരിശോധനാ കേന്ദ്രം ഉടമകൾ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു. നിജസ്ഥിതി പരിശോധിക്കാൻ പാലക്കാട് എൻഫോൻസ്‌മെന്റ് ആർ.ടി.ഒയെ ചുമതലപ്പെടുത്തുകയും മെഷീൻ കമ്പനികളെയും സെൻസർ നിർമ്മാണ കമ്പനികളെയും വിളിച്ചുവരുത്തി പ്രത്യേക പരിശോധനയും നടത്തി. ആറ് കമ്പനികൾ പങ്കെടുത്തപ്പോൾ ചില കമ്പനികളുടെ യന്ത്രം മാത്രമാണ് ലാംബ്ഡ പരിശോധനയിൽ വിജയിച്ചത്. എന്നാൽ ഒരുകമ്പനിക്കും ഇരുചക്ര വാഹനങ്ങളുടെ പരിശോധനയിൽ വിജയിക്കാനായില്ല. നാല് ചക്രവാഹനങ്ങളെ അപേക്ഷിച്ച് ബൈക്കുകളിൽ ലാംബ്ഡ പരിശോധനയ്ക്ക് വേണ്ട ആർ.പി.എം സ്ഥിരതയോടെ നിലനിറുത്താനാവില്ലെന്ന് പുക പരിശോധനാ കേന്ദ്രങ്ങളിലെ ജീവനക്കാർ പറയുന്നു. സ്‌കൂട്ടറുകളിൽ ഉയർന്ന തോതിൽ ആക്സിലേറ്ററുകൾ നൽകിയാൽ അപകട സാദ്ധ്യത ഏറെയാണെന്നും ഇവർ പറയുന്നു.

ലാംബ്ഡ പരിശോധനയ്ക്കുള്ള കാലാവധി നീട്ടിനൽകണമെന്ന ആവശ്യം സർക്കാരിനും മോട്ടോർ വാഹന വകുപ്പിനും നൽകിയിട്ടുണ്ട്. പുതിയ നിർദ്ദേശത്തോടെ പരിവാഹൻ സൈറ്റിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. വലിയ തുക മുടക്കി സെൻസർ സ്ഥാപിച്ചാലും ബൈക്കുകളിൽ ലാംബ്ഡ പരിശോധന നടത്താനാവില്ല.

കൃഷ്ണൻ അമ്പാടി, ജനറൽ സെക്രട്ടറി, വെഹിക്കിൾ എമിഷൻ ടെസ്റ്റിംഗ് ഓണേഴ്സ് അസോസിയേഷൻ