ആറാട്ട് സിനിമക്കെതിരെ വ്യാജ പ്രചാരണം; അഞ്ചു പേർക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു
കോട്ടക്കൽ: മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കിയ ‘ആറാട്ട്’ സിനിമക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി മലപ്പുറം കോട്ടക്കൽ പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു. കോട്ടക്കലിലെ തിയറ്റർ ഉടമയുടെ പരാതിയിലാണ് കേസെടുത്തത്. സിനിമ തിയറ്ററിലെത്തിയ ശേഷം അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്.
ആറാട്ടിന് ലഭിച്ച പ്രേക്ഷക പ്രതികരണത്തിന് നന്ദിയറിയിച്ച് നടന്‍ മോഹൻലാൽ രംഗത്തെത്തിയിരുന്നു. തന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് വേണ്ടി കോവിഡ് കാലത്ത് തയാറാക്കിയ സിനിമയാണ് ആറാട്ടെന്നും ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തിയെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി. ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. നെടുമുടിവേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ഗണേഷ് കുമാര്‍, സമ്പത്ത് രാജ്, രാമചന്ദ്ര രാജു, നേഹ സക്സേന, ജോണി ആന്‍റണി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവുമുണ്ട്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായിക. ക്യാമറ-വിജയ് ഉലക്നാഥ്, സംഗീതം-രാഹുല്‍ രാജ്. സജീഷ് മഞ്ചേരി, ആര്‍ഡി ഇലുമിനേഷന്‍സ് എന്നിവരാണ് നിര്‍മാണം.
മോഹന്‍ലാലും- ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന മാസ് എന്‍റര്‍ടെയിനര്‍ ചിത്രം ആറാട്ട് തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റാവുമെന്ന് സംവിധായകന്‍ വ്യാസന്‍ പ്രവചിച്ചിരുന്നു. വിന്‍റേജ് മോഹന്‍ലാലിനെ ആരാധകര്‍ക്ക് മടക്കിനല്‍കുന്ന ചിത്രം ആറാട്ടിന് മുമ്പും ശേഷവും എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ അടയാളപ്പെടുത്തുമെന്നും പറഞ്ഞു. ട്വന്‍റി 20, പുലി മുരുകൻ എന്നീ ചിത്രങ്ങളിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ച അൾട്ടിമേറ്റ് എന്‍റര്‍ടൈനർ എന്നുപറയാവുന്ന റിസൾട്ടായിരിക്കും തിരക്കഥാകൃത്ത് ഉദയകൃഷ്ണയിലൂടെ ആറാട്ടും നൽകാൻ പോകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ദിലീപും അനു സിത്താരയും ഒന്നിച്ച ശുഭരാത്രി എന്ന സിനിമയുടെ സംവിധായകനാണ് കെ.പി വ്യാസന്‍.