ഉപ്പിലി‌‌ട്ടത് വിൽക്കുന്ന കടകൾക്ക് ഇനി ലെെസൻസ് വേണം

തിരുവനന്തപുരം: ഉപ്പിലി‌‌ട്ട ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണമെന്ന് നിർദേശം. പഴവർഗ്ഗങ്ങൾ ഉപ്പിലിട്ട് വിൽപ്പന നടത്തുന്ന കച്ചവടക്കാർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.

കോഴിക്കോ‌ട് ബീച്ചിന് സമീപം ഉപ്പിലിട്ട ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും വെള്ളം എന്ന് തെറ്റിദ്ധരിച്ച് രാസലായനി കുടിച്ച വിദ്യാർഥികൾക്ക് പൊള്ളലേറ്റ സാഹചര്യത്തിലാണ് നട‌പടി.

വഴിയോര കച്ചവടക്കാർ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിവ കേന്ദ്രീകരിച്ച് വിൽപ്പനക്കായി വച്ചിട്ടുള്ള ഉപ്പിലിട്ട പഴവർഗ്ഗങ്ങൾ വിൽക്കുന്ന കടകൾക്കെല്ലാം ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാണ്.

ഉപ്പിലിടാൻ ഉപയോ​ഗിക്കുന്ന വിനാഗിരി, സുർക്ക എന്നിവയുടെ ലായനികൾ ലേബലോടെ മാത്രമേ കടകളിൽ സൂക്ഷിക്കാൻ പാടുള്ളൂ. വിനാഗിരി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാഷ്യൽ അസറ്റിക് ആസിഡ് കടകളിൽ സൂക്ഷിക്കരുതെന്നും നിർദേശമുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്ന കച്ചവടക്കാർക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കും.