കൊലപാതകവുമായി യാതൊരു ബന്ധവുമില്ല, പ്രതികളെ സംരക്ഷിക്കരുതെന്നാണ് പറയാനുള്ളത്; ആരോപണം നിഷേധിച്ച് ബി ജെ പി

കണ്ണൂർ: സി പി എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസാണെന്ന ആരോപണം നിഷേധിച്ച് ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ്. സമാധാനത്തിനാണ് തങ്ങളുടെ പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ളത്. യാഥാർത്ഥ്യം മനസിലാക്കാതെയാണ് സി പി എം പ്രതികരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബി ജെ പിക്ക് പറയാനുള്ളതെന്നും പ്രദേശത്തെ പ്രശ്‌നങ്ങളെല്ലാം സി പി എം ഏകപക്ഷീയമായി ഉണ്ടാക്കിയതാണെന്നും എൻ ഹരിദാസ് വ്യക്തമാക്കി. വസ്തുത പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഉത്സവവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടായെന്ന് പറയപ്പെടുന്നുണ്ട്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തട്ടെ. കൊലപാതകം നടന്ന് മിനിട്ടുകൾക്കകം സി പി എം പ്രഖ്യാപിക്കുകയാണ് ഇന്നേ ആളുകളാണ് പ്രതികളെന്ന്. സി പി എം പ്രതികളെ പ്രഖ്യാപിക്കേണ്ട. അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടെത്തട്ടെ. ബി ജെ പിക്ക് യാതൊരു ബന്ധവുമില്ല. എത്രയോ പ്രകോപനപരമായ പ്രശ്‌നങ്ങൾ സി പി എം ഉണ്ടാക്കിയിട്ട് പോലും സംയമനം പാലിക്കണമെന്ന് അണികൾക്ക് നിർദേശം കൊടുത്ത പാർട്ടിയാണ് ബി ജെ പി.’- അദ്ദേഹം പറഞ്ഞു.