തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി

മലപ്പുറം: സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥയിൽ രക്ഷിതാക്കളുടെ പ്രതിഷേധം. കൊവിഡ് ഇടവേളക്കുശേഷം തിരൂർ എഎം എൽപി സ്കൂൾ തുറന്നപ്പോഴാണ് പ്രതിഷേധവുമായി രക്ഷിതാക്കൾ എത്തിയത്. സ്കൂളിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ അധ്യായനം ആരംഭിക്കാൻ അനുവദിക്കില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

സ്കൂളിൻ്റെ പട്ടികയും ഓടുമൊക്കെ പൊട്ടിവീഴാറുണ്ടെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. സ്കൂളിൽ കുട്ടികളെ ഇരുത്തില്ല. മുന്നിലുള്ള റെയിൽപാളത്തിലൂടെ ട്രെയിൻ പോകുമ്പോൾ സ്കൂളാകെ കുലുങ്ങുകയാണ്. തങ്ങൾക്ക് മക്കളാണ് വലുത്. ഓരോ മീറ്റിങ്ങുകളിലും സ്കൂളിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. നിരന്തരം ഇക്കാര്യം പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കൾ പറയുന്നു. ഇതേ തുടർന്നാണ് സ്കൂൾ തുറക്കുന്ന ഇന്നുതന്നെ ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്.

വർഷങ്ങൾക്കുമുമ്പാണ് സ്കൂൾ കെട്ടിട നിർമാണം പൂർത്തിയാക്കിയത്. വളരെ പാവപ്പെട്ട കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. മറ്റു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ മാറ്റാനുള്ള സാമ്പത്തിക അവസ്ഥയിലല്ല ഇവർ. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് രക്ഷിതാക്കൾ രംഗത്തെത്തിയത്. അധികൃതർ ഇടപെട്ട് സ്കൂളിൻ്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

സ്കൂളിൻ്റെ ശോചനീയാവസ്ഥയ്ക്കു കാരണം മാനേജ്മെൻ്റിൻ്റെ അനാസ്ഥയാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി അധ്യാപകരുമായും രക്ഷിതാക്കളുമായും ചർച്ച നടത്തി. തിരൂർ നടുവിലങ്ങാടി ആനപടി എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി. തിരുർ നഗരസഭയുടേതാണ് തീരുമാനം. നാളെ മുതൽ ക്ലാസ്സുകൾ ഓൺലൈൻൽ നടത്താനാണ് തീരുമാനം. ഒരാഴ്ച്ചയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക. അടിയന്തര അറ്റകുറ്റപ്പണി നടത്താനും നഗരസഭ നിർദേശം നൽകി.