രൂപമാറ്റംവരുത്തിയ വാഹനങ്ങൾ, പൊതുജനങ്ങൾക്ക് വാട്ട്സ് ആപ്പിൽ വിവരം നൽകാം

തിരുവനന്തപുരം: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിവരം പൊതുജനങ്ങൾക്ക് വാട്ട്സ് ആപ്പിൽ മോട്ടോർവാഹനവകുപ്പിന് കൈമാറാം.

റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ വാഹനങ്ങൾ രൂപമാറ്റം വരുത്തുക, സൈലൻസറുകൾ മാറ്റി അതി തീവ്ര ശബ്ദമുണ്ടാക്കുക, പൊതു നിരത്തുകളിൽ അഭ്യാസ പ്രകടനവും മത്സരയോട്ടവും നടത്തുക, അമിത വേഗത്തിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയവയെ കുറിച്ച് വിവരങ്ങൾ നൽകാം. വകുപ്പ് ഉദ്യോഗസ്ഥർ രൂപമാറ്റത്തിന്റെയും കുറ്റകൃത്യത്തിന്റെയും വിശദാംശങ്ങൾ ശേഖരിച്ച് പിഴ ചുമത്തും.

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓപ്പറേഷൻ ‘സൈലൻസ്” എന്ന പേരിൽ മോട്ടോർ വാഹനവകുപ്പ് പിടികൂടുന്നുണ്ട്. ഇതിന് സഹായകമായ വിവരങ്ങളാണ് തേടുന്നത്. നേരത്തെ ‘തേഡ് ഐ” എന്ന പേരിൽ പൊതുജനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ വകുപ്പ് കണ്ടെത്തിയിരുന്നു.
വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ബൈക്ക് അഭ്യാസങ്ങൾക്ക് പ്രേരിപ്പിക്കുന്ന വിധത്തിൽ നിരവധി ദൃശ്യങ്ങളാണ് യു ട്യൂബിൽ ഉള്ളത്. ഇവയിൽ പലതും പൊതുനിരത്തിൽ ചിത്രീകരിച്ചവയാണ്. ബൈക്കുകളുടെ നമ്പർ മറച്ചും തിരക്കൊഴിഞ്ഞ സമയങ്ങളിലുമാണ് അഭ്യാസം. രൂപമാറ്റം വരുത്തിയ കാറുകളിലും അഭ്യാസ പ്രകടനം നടത്തിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കും.

വാട്ട്സ്ആപ്പ് നമ്പരുകൾ

തിരുവനന്തപുരം: 9188961001
കൊല്ലം – 9188961002
പത്തനംതിട്ട – 9188961003
ആലപ്പുഴ – 9188961004
കോട്ടയം – 9188961005
ഇടുക്കി – 9188961006
എറണാകുളം – 9188961007
തൃശ്ശൂർ – 9188961008
പാലക്കാട് – 9188961009
മലപ്പുറം – 9188961010
കോഴിക്കോട് – 9188961011
വയനാട് – 9188961012
കണ്ണൂർ – 9188961013
കാസർകോട് – 9188961014