ഗവർണർക്ക് 85 ലക്ഷത്തിന്റെ പുതിയ ബെൻസ് കാർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനായി 85 ലക്ഷം രൂപ വിലയുള്ള മേഴ്സിഡസ് ബെൻസ് ജി.എൽ.ഇ എസ്.യു.വി വാങ്ങും. ഇപ്പോഴത്തെ ബെൻസ് കാർ ഒന്നരലക്ഷം കിലോമീറ്ററോളം ഓടിക്കഴിഞ്ഞു. ഒരുലക്ഷം കിലോമീറ്റർ ഓടിയാൽ കാർ മാറണമെന്നാണ് സുരക്ഷാചട്ടം. രണ്ടുവർഷം മുൻപേ പുതിയ കാർ വാങ്ങണമെന്ന് രാജ്ഭവൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി കാരണം തീരുമാനമെടുത്തില്ല. ആ ഫയലിൽ മുഖ്യമന്ത്രി ഡിസംബറിൽ തീരുമാനമെടുത്തു. കൊച്ചിയിലെ ഡീലർക്ക് ഓർഡർ നൽകി. ഒരാഴ്ചയ്ക്കകം പുതിയ കറുത്ത ബെൻസ് കാർ രാജ്ഭവനിലെത്തും.
എം. ഒ. എച്ച് ഫറൂഖ് ഗവർണറായിരിക്കെ 2011ലാണ് ഇപ്പോഴത്തെ ബെൻസ് കാർ വാങ്ങിയത്. നിഖിൽകുമാർ, ഷീലാദീക്ഷിത്, പി.സദാശിവം എന്നിവർ ഉപയോഗിച്ചു. പി.സദാശിവത്തിന്റെ കാലത്ത് തന്നെ വാഹനം ഒരുലക്ഷം കിലോമീറ്റർ കടന്നിരുന്നു. ഇപ്പോഴത്തെ കാറിന്റെ ലൈറ്റുകൾ ഗവർണറുടെ ഒരു യാത്രയ്ക്കിടെ അണഞ്ഞുപോയി. മെക്കാനിക്കൽ വിഭാഗം പരിശോധിച്ച് കാർ മാറ്റാൻ ശുപാർശ ചെയ്തിരുന്നു.
ഗവർണർക്ക് ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്. ഒരുബെൻസും കാംറിയും മൂന്ന് ഇന്നോവയുമാണ് രാജ്ഭവനിലുള്ളത്.
കാർ ആവശ്യപ്പെട്ടില്ല- ഗവർണർ
പുതിയ ബെൻസ് കാർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പുതിയ കാർ ആവശ്യപ്പെടണമെന്ന രാജ്ഭവൻ ഫയലിൽ താൻ നടപടിയെടുത്തിട്ടില്ല. എത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാം.