പോക്‌സോ കേസിലെ ഇരയെ വീഡിയോയിൽ വെളിപ്പെടുത്തിയ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രച്ചരിപ്പിച്ചയാളെ മലപ്പുറം വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുടത്തായി സ്വദേശി ശ്രീധരൻ ഉണ്ണി എന്ന ശ്രീധരൻ ഇളമനയെ( 40)യാണ് വഴിക്കടവ് സബ്ബ് ഇൻസ്പെക്ടർ ഒ.കെ. വേണു അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് യുവാവ് ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലവകാശ കമ്മീഷനും ചെൽഡ് വെൽഫയർ കമിറ്റിക്കും പരാതികൾ ലഭിച്ചിരുന്നു.വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വഷണ സംഘം രൂപീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിച്ചയാളുകളെ കണ്ടെത്തുന്നതിനായി നിരന്തരമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതി കോഴിക്കോട് നിന്നും പിടിയിലായത്.

വീഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം സ്വദേശി സൽമാൻ സല്ലുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റെക്കോർഡ് ചെയ്ത് ഷെയർ ചെയ്ത വീഡിയോ നിരവധിയാളുകൾ ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്തിട്ടുള്ളതാണ്. ഷെയർ ചെയ്തയാളുകളെ പൊലീസ് നിരീക്ഷിച്ചു വരെവെയാണ് കൂടത്തായി സ്വദേശി അറസ്റ്റിൽ ആകുന്നത് . പ്രത്യേക അന്വേഷണ സംഘത്തിൽ വഴിക്കടവ് എഎസ്ഐ. മനോജ്.കെ പൊലീസുകാരായ സുധീർ ഇ.എൻ, അഭിലാഷ്.കെ, പ്രശാന്ത് കുമാർ .എസ്. എന്നിവരും ഉണ്ടായിരുന്നു .പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.