കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു; മനംനൊന്ത് ഡ്രൈവര്‍ ജീവനൊടുക്കി

തിരൂർ: ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചതില്‍ മനംനൊന്ത് ലോറിയോടിച്ചിരുന്ന ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയില്‍ തിരൂർ വെട്ടം ആലിശ്ശേരിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ലോറിഡ്രൈവര്‍ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. നാലുമാസങ്ങള്‍ക്ക് മുമ്പ് ബിജു പാംസ് ഫര്‍ണീച്ചര്‍ ഷോപ്പിന്റെ ഫര്‍ണീച്ചറുമായി ലോറിയോടിച്ച് പുനലൂരിലേക്ക് പോകവേയാണ് അപകടം നടന്നത്. കാല്‍നടയാത്രക്കാരന്‍ റോഡു മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു ലോറിയിടിച്ചത്.

അപകടമുണ്ടായ ഉടനെ ഗുരുതരമായി പരിക്കേറ്റയാളെ അതേ ലോറിയില്‍ തന്നെ ബിജു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബിജുവിന്റെ മടിയില്‍ക്കിടന്നായിരുന്നു കാല്‍നടയാത്രക്കാരന്‍ മരിച്ചത്. മാനസികവിഷമം കാരണം ബിജുവിന് വിഷാദരോഗം ബാധിച്ചിരുന്നു. തന്റെ മനഃപ്രയാസം ബിജു വീട്ടുകാരോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

മൃതദേഹം പരിശോധനയ്ക്കായി തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും കോവിഡ് പരിശോധനയില്‍ പോസിറ്റീവായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.
ബുധനാഴ്ച മൃതദേഹപരിശോധനയ്ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും. ബിജു അവിവാഹിതനാണ്. സഹോദരങ്ങള്‍: ബിന്‍സി, ബൈജു.