വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് അഡ്മിൻ ഉത്തരവാദിയല്ല ഹൈക്കോടതി

കൊച്ചി: വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളിൽ അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്സ്​ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. എന്നാൽ ഗ്രൂപ്പിലിടുന്ന പോസ്റ്റുകളിൽ അഡ്മിന് പ്രത്യേക നിയന്ത്രണമില്ല. ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ലെന്നും അത്തരത്തിൽ അഡ്മിനെതിരെ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ചേർത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിർദേശം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതായിരുന്നു ഉത്തരവ്.

ഫ്രണ്ട്സ് എന്ന വാട്സ്​ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു ഹർജി നൽകിയത്. ഹർജിക്കാരൻ മറ്റ്​ രണ്ടുപേരെക്കൂടി ഗ്രൂപ്പ് അഡ്മിനായി ചേർത്തിരുന്നു. എന്നാൽ ഇതിലൊരാൾ ഗ്രൂപ്പിൽ കുട്ടികളുടെ അശ്ലീല വിഡിയോ പോസ്റ്റ്​ ചെയ്​തിരുന്നു. ഇതിൽ പോസ്റ്റ്​ ചെയ്​തയാളെ ഒന്നാം പ്രതിയായും ​ഗ്രൂപ്പിന് രൂപം നൽകിയ ആളെ രണ്ടാം പ്രതിയായും ചേർത്താണ് എറണാകുളം സിറ്റി പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട്​ നൽകിയിരുന്നു. ഇതിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്.