കൊപ്രാ സംഭരണം; കർഷക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും
കൊപ്രാ സംഭരണം; കർഷക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: കൊപ്ര സംഭരണത്തിനുള്ള കർഷക രജിസ്‌ട്രേഷൻ ഇന്ന് മുതൽ തുടങ്ങും. നാഫെഡിന്റെ ഇസമൃദ്ധി പോർട്ടൽ വഴി പ്രാഥമിക സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത ശേഷമാണ് കർഷകർക്ക് പോർട്ടൽ വഴി റജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുകയെന്നു കേരഫെഡ് എംഡി ആർ.അശോക് അറിയിച്ചു. കേരഫെഡ്, മാർക്കറ്റ്‌ഫെഡ് എന്നിവരുടെ 58 കേന്ദ്രങ്ങൾ വഴിയാണ് കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കുക.
കൊപ്ര കിലോയ്ക്ക് 105.90 രൂപയാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന താങ്ങുവില. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 32 രൂപയാണ് സംസ്ഥാനം താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്. ഈ തുക പ്രകാരമാണ് കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കുക. കൊപ്ര സംഭരണത്തിനായി സഹകരണ സംഘങ്ങളിലാണ് രേഖകൾ ഹാജരാക്കേണ്ടത്. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, കൃഷി ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്, ഭൂരേഖകളുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് തുടങ്ങിയവയാണ് എത്തിക്കേണ്ടത്. ഇതിനു ശേഷമാണ് ഇസമൃദ്ധി പോർട്ടൽ വഴി റജിസ്‌ട്രേഷൻ നടത്തുക.
ഇന്നു സംഭരണം തുടങ്ങുമെന്നു സർക്കാർ അറിയിച്ചിരുന്നെങ്കിലും നടപടികൾ വൈകി. മന്ത്രി പി.പ്രസാദ് ഇന്നലെ അടിയന്തര യോഗം വിളിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കു യോഗത്തിൽ രൂക്ഷ വിമർശനമാണുണ്ടായത്. കൊപ്രയുമായി എത്തേണ്ട സ്ഥലം, സമയം എന്നിവ സഹകരണ സംഘങ്ങൾ കർഷകരെ അറിയിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കർഷകർക്കു മാത്രമേ കേന്ദ്ര സർക്കാർ നിശ്ചയിച്ച താങ്ങുവില ലഭിക്കുകയുള്ളൂ.