യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടുന്നു, പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും
ന്യൂഡൽഹി : ലോകത്തെ യുദ്ധഭീതിയിലാക്കിയ റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി മോദി ഇന്ന് സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത് എന്നതാണ് വിവരം. റഷ്യൻ – യുക്രെയിൻ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു തീരുമാനം.
നേരത്തെ നരേന്ദ്ര മോദി പുടിനുമായി സംസാരിക്കണമെന്ന് യുക്രെയിൻ സ്ഥാനപതി ഇഗോർ പൊലിഖയും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രതികരണത്തിൽ ഒന്ന് ചിന്തിക്കാനെങ്കിലും പുടിൻ തയാറാകുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഞങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള ബഹുമാനിക്കപ്പെടുന്ന നേതാക്കളിൽ ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണമെന്നും യുക്രെയിൻ സ്ഥാനപതി പറഞ്ഞു.
അതിനിടെ ഹംഗറി വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനായുള്ള നടപടികൾ തുടങ്ങിയെന്ന് ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹംഗറി അതിർത്തിയായ സോഹന്യയിലേക്ക് ഇന്ത്യൻ എംബസി അധികൃതർ എത്തും. ഇന്ത്യയുടെ വ്യോമാതിർത്തി അടച്ചതിനാൽ ഇന്ത്യൻ പൗരന്മാരെ കൊണ്ടുപോകാൻ കിയെവിലേക്ക് പോകാൻ ക്രമീകരിച്ചിരുന്ന പ്രത്യേക വിമാനങ്ങൾ റദ്ദാക്കിയതായി യുക്രെയ്നിലെ ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.