കേരളത്തിൽ അഞ്ച് വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 450 പേരെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 450 പേർ പാമ്പുകടിയേറ്റ് മരിച്ചതായി വനംമന്ത്രി എ കെ ശശീന്ദ്രൻ. വർഷത്തിൽ ഏകദേശം മൂവായിരത്തോളം പേർ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നുവെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
പാമ്പുകടിയേറ്റ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് 2017നും 2019നും ഇടയിലാണ്. ഇക്കാലയളവിൽ 334 പേരാണ് മരിച്ചത്. അതേസമയം, പാമ്പുകടിയേറ്റുള്ള മരണങ്ങൾ കഴിഞ്ഞ കുറച്ചുവർഷങ്ങളായി സംസ്ഥാനത്ത് കുറഞ്ഞുവരുന്നതായും മന്ത്രി പറഞ്ഞു.
2017 മുതൽ 2019 വരെ പ്രതിവർഷം പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ശരാശരി എണ്ണം 110 ആയിരുന്നു. ഇത് 2020ൽ 76 ആയും 2021ൽ 40 ആയും കുറഞ്ഞു. ആവാസവ്യവസ്ഥ നഷ്‌ടമായത് പാമ്പുകളെ ജനവാസ മേഖലകളിലേക്ക് പോകാൻ നിർബന്ധിതരാക്കിയെന്നും അവയെ രക്ഷപ്പെടുത്തി സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
”വനംവകുപ്പ് ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 1657 പേർക്ക് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകി. അവരിൽ 928 പേർക്ക് പാമ്പ് രക്ഷാപ്രവർത്തകരായി പ്രവർത്തിക്കാൻ ലൈസൻസ് നൽകിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
65 വയസ്സിന് താഴെയുള്ളവർക്ക് രണ്ട് ദിവസത്തെ പരിശീലനവും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. വനംവകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാൽ ദീർഘകാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പാമ്പുപിടിത്തക്കാർക്ക് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായ രക്ഷാമാർഗങ്ങളിലൂടെ പാമ്പുകളുടെയും അവരുടെ തന്നെയും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നവരെ സർട്ടിഫിക്കേഷനായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി പാമ്പുപിടിക്കുന്നവർക്ക് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് വനംവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ കോട്ടയത്ത് മൂർഖനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പുകടിയേറ്റതിനെ തുടർന്നാണ് വകുപ്പ് നീക്കം.