ട്രെയ്നിനുള്ളിൽ നിന്നും ഇരുതലമൂരിയെ പിടികൂടി; പരപ്പനങ്ങാടി സ്വദേശി അറസ്റ്റിൽ
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ്. ക്രൈം ഇൻ്റലിജൻസ് നടത്തിയ പരിശോധനയിൽ ഇരുതലമൂരിയെ കണ്ടെത്തി. ശബരി എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇരുതലമൂരിയെ ലഭിച്ചത്. സംഭവത്തിൽ മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി ഹബീബിനെ അറസ്റ്റ് ചെയ്തു.

ഇരുതലമൂരി പാമ്പിന് 4.250 കിലോ ഗ്രാം തൂക്കവും 25 സെന്റീമീറ്റർ വണ്ണവും ഒന്നേകാൽ മീറ്ററോളം നീളവുമുണ്ട്. ആര്‍.പി.എഫ്. സംഘത്തെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ച ഹബീബിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ആന്ധ്രയിൽ നിന്നും മലപ്പുറത്തെത്തിച്ച് ഇരുതലമൂരിയെ വിദേശത്തേക്ക് കടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഈ പാമ്പ് ഇന്ത്യയിൽ ഇതുവരെ പിടിച്ചിട്ടുള്ളവയിൽ ഏറ്റവും വലുതാണെന്ന് പറയപ്പെടുന്നു. ട്രെയ്ൻ മാർഗ്ഗമുള്ള അനധികൃത വന്യജീവി കടത്തിനെക്കുറിച്ച് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന് മൂന്നു മാസങ്ങൾ മുൻപേ വിവരം ലഭിച്ചിരുന്നു.
ആഭിചാര ക്രിയകൾക്കും ചര്‍മ്മ സംരക്ഷണത്തിനുമെന്ന പേരിലാണ് ഇരുതല മൂരിയെ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നത്. RPF ഐ.ജി. ബീരേന്ദ്രകുമാറിന്റെ നിർദ്ദേശപ്രകാരം പാലക്കാട് ആർ.പി.എഫ്. കമാൻഡന്റ് ജെതിൻ ബി. രാജിന്റെ നേതൃത്വത്തിൽ ആർ.പി.എഫ്. സി.ഐ. എൻ. കേശവദാസ്, SI. ദീപക്. എ.പി., ASI. സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, കോൺസ്റ്റബിൾ വി. സവിൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.