Main Banner

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച വനിതാ പഞ്ചായത്തംഗവും സുഹൃത്തുക്കളും അറസ്റ്റിൽ


ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കാനുള്ള നീക്കം പാളി. പഞ്ചായത്തംഗവും കാമുകന്റെ രണ്ടു കൂട്ടാളികളും അറസ്റ്റിൽ. വണ്ടന്മേടിലെ സിപിഎം സ്വതന്ത്ര പഞ്ചായത്തംഗം സൗമ്യ, കാമുകൻ വിനോദിന്റെ സുഹൃത്തുക്കളായ ഷാനവാസ്, ഷെൽഫിൻ എന്നിവരാണ് അറസ്റ്റിലായത്. പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണ് പൊലീസിന് തോന്നിയ സംശയം പൊളിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുകയോ വിൽപന നടത്തുകയോ ചെയ്യാത്ത സുനിലിന്റെ സ്‌കൂട്ടറിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തിരുന്നു.

1 st paragraph

ഒരു ചതി മണത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയും കാമുകൻ വിനോദും രണ്ടു സുഹൃത്തുക്കളും ചേർന്നൊരുക്കിയ കെണിയാണ് ഇതെന്ന് മനസിലായത്. കഴിഞ്ഞ 22 നാണ് സുനിൽ വർഗീസിന്റെ സ്‌കൂട്ടറിൽ നിന്നും എംഡിഎംഎ പിടികൂടിയത്. വണ്ടന്മേട് പൊലീസ് ഇൻസ്പെക്ടറും എസ്‌പിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് സ്‌കൂട്ടറിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

2nd paragraph

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുനിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ കണ്ടെത്താൻ കഴിഞ്ഞില്ല. വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തിയതിൽ ഭർത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വണ്ടന്മേട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സൗമ്യ കാമുകനായ വിദേശ മലയാളി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസ് മറ്റും ചേർന്ന് തയാറാക്കിയ പദ്ധതി മനസിലാക്കുകയായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം സുനിലിന്റെ കൊലപാതകവും ഒഴിവായെന്ന് വേണം കരുതാൻ. നിരപരാധിയായ സുനിലിനെ ഇരുമ്പഴിക്കുള്ളിൽ പോകുന്നതിൽ നിന്ന് രക്ഷിക്കാനും പൊലീസിനായി.

മാനസികമായി സുനിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന സൗമ്യ ഭർത്താവിനെ ഒഴിവാക്കുന്നതിനാണ് തന്റെ സുഹൃത്തിനോടൊപ്പം പദ്ധതി തയാറാക്കിയത്. കഴിഞ്ഞ 18 ന് വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടന്മേട് ആമയാറ്റിൽ വച്ച് മയക്കു മരുന്ന് സൗമ്യയ്ക്ക് കൈമാറി. സൗമ്യ ഇത് സുനിലിന്റെ ഇരുചക്ര വാഹനത്തിൽ വച്ച ശേഷം അതിന്റെ ഫോട്ടോ എടുത്ത് കാമുകന് അയച്ച് കൊടുത്തു. പൊലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും വിദേശത്ത് ഇരുന്നു കൊണ്ട് വണ്ടിയുടെ പടവും ലഹരിമരുന്നുണ്ടെന്ന സൂചനയും നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ എംഡിഎംഎ ലഭിച്ചു. വിശദമായ അന്വേഷണത്തിൽ സുനിൽ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഒരു വർഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു.

സുനിലിനെ ആദ്യം വാഹനം ഇടിപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകി കൊലപ്പെടുത്താനോ ഇരുവരും ചേർന്ന് പദ്ധതി ഇട്ടു. പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതിൽ നിന്നും പിന്മാറി. ശേഷം ഇടയ്ക്കിടെ വിദേശത്തു നിന്നും വന്നു പോകുന്ന കാമുകൻ വിനോദും സൗമ്യയും ഒരു മാസം മുൻപ് എറണാകുളത്ത് ആഡംബര ഹോട്ടലിൽ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഗൂഢാലോചന നടത്തിയത്. അതിനു ശേഷമാണ് സൗമ്യയുടെ പക്കൽ ആമയാറ്റിൽ മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്. ഇതിന് ശേഷം വിദേശത്തേയ്ക്ക് കടന്ന വിനോദിനെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുന്നുള്ള ശ്രമത്തിലാണ് പൊലീസ്. സൗമ്യയ്ക്ക് പുറമേ സഹായികളായ ഷാനവാസും ഷെഫിൻഷാ യും അറസ്റ്റിലായി. ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45000 രൂപ വില വാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്.

ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്‌പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ അന്വേഷണ സംഘ ത്തിൽ വണ്ടന്മേട് ഇൻസ്പെക്ടർ വി എസ് നവാസ്, ഇടുക്കി ഡാൻസാഫ് അംഗങ്ങളായ ജോഷി , മഹേശ്വരൻ, അനൂപ്, ടോം എന്നിവരും കട്ടപ്പന ഡിവൈ.എസ്‌പിയുടെ ടീമംഗങ്ങളായ എസ് ഐ സജിമോൻ ജോസഫ്, എഎസ്ഐ മാരായ ടോണി ജോൺ വികെ അനീഷ് സിനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മൃദുല ജി. ഷിബു പി.എസ് വേണുഗോപാൽ , മഹേഷ് പി.വി എന്നിവർ ചേർന്ന് ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.