റഷ്യ- യുക്രൈന്‍ യുദ്ധം രണ്ടാംദിനത്തിലേക്ക്; 137 പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരെ റോഡ് മാര്‍ഗം അതിര്‍ത്തി കടത്താന്‍ പരിശ്രമം

കീവ്: യുക്രൈനു നേര്‍ക്കുള്ള റഷ്യയുടെ ആക്രമണം രണ്ടാം ദിനവും തുടരുന്നു. കര, വ്യോമ, കടല്‍മാര്‍ഗമുള്ള ആക്രമണമാണ് റഷ്യ തുടരുന്നത്. ചെര്‍ണോബില്‍ പിടിച്ചടക്കിയ റഷ്യ കീവ് ലക്ഷ്യമിട്ടാണ് ഇന്നത്തെ ആക്രമണം. സെന്‍ട്രല്‍ കീവില്‍ നിന്ന് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടുവെന്ന് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ആളുകള്‍ ഭൂമിക്കടിയിലെ ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണ്. കൊടുംതണുപ്പില്‍ ബങ്കറുകളില്‍ കഴിയുന്നതും വലിയ വെല്ലുവിളിയാണ്.

അതിനിടെ, യുക്രൈന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ പ്രദേശവായ സപോറിഴ്‌ഴ്യായില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട് നിരവധി ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമല്ല ഇവിടം.

യുക്രൈന്റെ കീവിലുള്ള പ്രതിരോധ മന്ത്രാലയം യൂണിറ്റിന്റെ പരിസരത്തുനിന്ന് വന്‍തോതിന്‍ പുക ഉയരുന്നത് അവിടെയും ആക്രമണം നടന്നിരിക്കാമെന്നാതിന്റെ സൂചനയാണ്. ആക്രമണം ശക്തമാക്കിയതോടെ ഒരു ലക്ഷത്തോളം ആളുകള്‍ കിഴക്കന്‍ മേഖലയില്‍ നിന്ന് പലായനം തുടങ്ങി. പടിഞ്ഞാറന്‍ മേഖലയിലേക്കാണ് ആളുകള്‍ പോകുന്നത്. 20നും 60നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ രാജ്യം വിട്ടുപോകരുതെന്നും യുക്രൈന്‍ പ്രസിഡന്റ് നിര്‍ദേശിച്ചു.

റഷ്യന്‍ ടാങ്കറുകള്‍ കീവിലേക്ക നീങ്ങിക്കൊണ്ടിരിക്കുകയാണ്. കീവില്‍ ഒരു കെട്ടിടത്തിനു മുകളില്‍ മിസൈല്‍ പതിച്ചതായും കെട്ടിടത്തിന് തീപിടിച്ചതായും കീവ് മേയര്‍ അറിയിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതിനിടെ, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടല്‍ തുടങ്ങി. വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ റോഡ് മാര്‍ഗം ഇന്ത്യക്കാരെ അയല്‍രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക് റിപബ്ലിക്, റൊമാനിയ അതിര്‍ത്തികളില്‍ എത്തിക്കാനാണ് നീക്കം. ഇതിനാല്‍ നയതന്ത്ര പ്രതിനിധകള്‍ സ്ഥിതികള്‍ അവലോനം ചെയ്യാന്‍ അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

റഷ്യയുടെ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച 1700 പേര്‍ റഷ്യയില്‍ അറസ്റ്റിലായി. റഷ്യയുടെ നടപടിയോട് കായിക ലോകവും പ്രതിഷേധം രേഖപ്പെടുത്തി. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍ പങ്കെടുക്കില്ലെന്ന് ഏതാനും രാജ്യങ്ങള്‍ അറിയിച്ചു