800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ; സ്ഥിരീകരിക്കാതെ റഷ്യ

കീവ്: യുദ്ധം രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ ഇതുവരെയുള്ള പോരാട്ടത്തിൽ 800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ. 30 റഷ്യൻ ടാങ്കുകളും ഏഴ് റഷ്യൻ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും നശിപ്പിച്ചതായും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ റഷ്യൻ വിമാനത്തെ യുക്രെയ്ൻ തകർക്കുന്നതെന്ന് പറയപ്പെടുന്ന ദൃശ്യങ്ങൾ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. കീവിലെ ദൃശ്യങ്ങളാണിത്. ഒപ്പം തന്നെ കീവിലുള്ള ബഹുനില കെട്ടിടം വിമാനം വീണ് തകർന്ന് തരിപ്പണമായ ചിത്രവും പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ ആളുകൾക്ക് ജീവപായം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.
യുക്രെയ്നെതിരെ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെടരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയ്ൻ തലസ്ഥാനമായ കീവ് വളയാനാണ് റഷ്യ ലക്ഷ്യമിടുന്നത്. രാവിലെ മുതൽ കീവിൽ സ്ഫോടനപരമ്പരകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ട്. റഷ്യൻ അധിനിവേശം അഭയാർത്ഥി പ്രവാഹത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. റഷ്യ എത്രയും വേഗം തെറ്റുതിരുത്തി സൈന്യത്തെ പിൻവലിക്കണമെന്നാണ് ഐക്യരാഷ്‌ട്ര സഭയും ആവശ്യപ്പെടുന്നത്.
