മലപ്പുറം ജില്ലാ പഞ്ചായത്ത് 8,9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് എൻ ടി എസ് ഇ പരിശീലനം നൽകുന്നു
മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള മൈനോറിറ്റി ഡിപ്പാർട്ട്മെൻറു മായി ചേർന്ന് 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈനായി എൻ ടി എസ് ഇ പരിശീലനം നൽകുന്നു. ആദ്യഘട്ടം 500 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.
ഈ പരിശീലനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്കായി അടുത്തവർഷം തീവ്ര പരിശീലനം നൽകും. ഫെബ്രുവരി 28മുതൽ ക്ലാസ്സ് ആരംഭിക്കുന്നതാണ്.
2023, 2024 ൽ എൻ ടി എസ് ഇ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായിട്ടാണ് ഈ പരിശീലനം.
അഖിലേന്ത്യാതലത്തിൽ ഓരോ വർഷവും 2000 കുട്ടികളെയാണ് ഈ പരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പി എച്ച് ഡി വരെ സ്കോളർഷിപ്പ് ലഭിക്കും.
ഈ വർഷം മലപ്പുറം ജില്ലയിൽ നിന്നും നാലു വിദ്യാർത്ഥികളാണ് എൻ ടി എസ് ഇ പരീക്ഷ വിജയികളായത്. അടുത്തവർഷം കൂടുതൽ കുട്ടികളെ വിജയിപ്പിക്കുന്നതിനുള്ള തീവ്ര പരിശീലന പരിപാടികളാണ് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്.
ജില്ലയിൽ നിന്നും കൂടുതൽ വിദ്യാർത്ഥികളെ ഈ പരീക്ഷക്കായി തയ്യാറാക്കുകയാണ് ജില്ലാ പഞ്ചായത്തിൻെറ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ,വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് എന്നിവർ അറിയിച്ചു