ഓടുന്ന കാറിന് മുകളിലൂടെ ടാങ്ക് കയറ്റി റഷ്യൻ സൈന്യം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
കീവ് : റഷ്യൻ അധിനിവേശത്തിൽ സൈനികരും സാധാരണ പൗരൻമാരുമായ 198 പേർ കൊല്ലപ്പെട്ടതായി യുക്രെയിൻ അറിയിച്ചിരുന്നു, . ആയിരത്തിലധികം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയിൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്നാണ് യുക്രെയിൻ്റെ വിശദീകരണം. സാധാരണക്കാർക്ക് നേരെ ആക്രമണം ഉണ്ടാകുന്നില്ലെന്ന് റഷ്യ അവകാശപ്പെടുന്നതിനിടെയാണ് യുക്രെയിൻ പുതിയ കണക്കുകൾ പുറത്തുവിട്ടത്.
പൗരൻമാർക്ക് നേരെയുള്ള അക്രമം വെളിവാക്കുന്ന വീഡിയോ ദൃശ്യവും ഇതിനിടെ പുറത്തുവന്നു. ഓടുന്ന കാറിന് മുകളിലൂടെ ടാങ്ക് ഓടിച്ചുകയറ്റുന്ന ദൃശ്യമാണ് പുറത്തുവന്നത്. യുക്രെയിനിലെ ഒബലോണിൽനിന്നുള്ള ദൃശ്യമാണിത്. അൽജസീറയാണ് ഇൻസ്റ്റാഗ്രാം വഴി ഈ ദൃശ്യം പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ വീഡിയോ ചർച്ചയായതോടെ നിരവധിപേർ റഷ്യയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത് , നേരത്തെ റഷ്യയുടെ ഒരു ടാങ്ക് യുക്രെയ്ൻ സൈന്യം പിടിച്ചെടുക്കുകയും അതിൽ ഉണ്ടായിരുന്ന റഷ്യൻ സൈനികരെ അപായപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.
അതിനിടെ യുദ്ധം അവസാനിപ്പിക്കാൻ സഹായം തേടി യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്‌കി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ ബന്ധപ്പെട്ടു. മോദിയോട് രാഷ്ട്രീയ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.യു.എന്നിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് റഷ്യയും രംഗത്തുവന്നിരുന്നു.