യുക്രെയിനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; നടപടി കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിന്

കീവ്: യുക്രെയിനിൽ വെടിനിർത്തൽ പ്രഖ്യാപനവുമായി റഷ്യ. യുദ്ധം തുടങ്ങിയതിന്റെ പത്താംദിവസമാണ് താൽക്കാലികമായി വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചത്. യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ഒഴിപ്പിക്കുന്നതിനായാണ് നടപടിയെന്ന് റഷ്യ അറിയിച്ചു. ഇന്ത്യൻ സമയം രാവിലെ 11.30ഓടെയാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനോടുള‌ള യുക്രെയിൻ സർക്കാരിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല എന്നാണ് വിവരം.

മരിയുപോൾ, വോൾനോവാഖ എന്നീ നഗരങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം അനുവദിച്ചിരിക്കുന്നത്. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ബെലാറൂസിൽ നടന്ന രണ്ടാംഘട്ട റഷ്യ- യുക്രെയിൻ സമാധാന ചർച്ചയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുക്രെയിൻ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.

വോൾനോവോഖ നഗരത്തിൽ മാത്രം 20,000 ജനങ്ങൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. 1,60,000 പേരെങ്കിലും രക്ഷപെടാനാകാതെ യുക്രെയിനിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് യുഎൻ ഏജൻസികൾ അറിയിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കാതെ ജനങ്ങളെ ഒഴിപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ സാദ്ധ്യമല്ലെന്ന് ഇന്ത്യ നേരത്തെ യുക്രെയിനെയും റഷ്യയെയും അറിയിച്ചിരുന്നു. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വിവിധയിടങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാൻ ഇന്ത്യ വിമാനങ്ങൾ അയക്കാൻ തയ്യാറാക്കിയിരുന്നു. വിദ്യാർത്ഥികളെ അതിർ്തതിയിലെത്തിക്കാൻ 130 ബസുകൾ റഷ്യ ഏർപ്പെടുത്തി. പക്ഷെ വെടിനിർത്തൽ പ്രഖ്യാപിക്കാത്തതിനാൽ ഇവരുടെ അടുത്തെത്താൻ കഴിഞ്ഞിരുന്നില്ല.