ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വില കൂടിയെന്ന് പ്രതിപക്ഷം: വിലക്കയറ്റം സാധാരണക്കാരനെ ബാധിക്കുന്നില്ലെന്ന് ഭക്ഷ്യ മന്ത്രി
തിരുവനന്തപുരം: വിലക്കയറ്റം സാധാരണക്കാരനെ ബാധിക്കുന്നില്ലെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ. സർക്കാർ വിപണിയിൽ ഇടപെടുന്നതിനാൽ നേരിയ തോതിലുള്ള വർദ്ധനവ് മാത്രമാണുള്ളതെന്നും പൊതുവിപണിയെക്കാൾ കുറഞ്ഞ തോതിൽ സപ്ലെകോ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റൊരു സംസ്ഥാനവും നടത്താത്ത ഇടപെടൽ സർക്കാർ നടത്തുന്നതിനാൽ സാധാരണക്കാരനെ വിലക്കയറ്റം ബാധിക്കുന്നില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
പൊതുവിപണിയിലെ വിലവർദ്ധനവിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടും ആശങ്കയും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. റോജി എം ജോൺ എംഎൽഎയാണ് നോട്ടീസ് നൽകിയത്. അതേസമയം പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
സംസ്ഥാനത്ത് ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വില കൂടിയെന്നും കേരളത്തിലെ ജനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പോയി പലചരക്ക് വാങ്ങേണ്ട അവസ്ഥയാണെന്നും റോജി എം ജോൺ ചൂണ്ടിക്കാട്ടി. പൊതുവിപണിയിൽ വിലക്കയറ്റമുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചുവെന്നും ഇത് നാടിനെ പിടിച്ചുലയ്‌ക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. സഭയിൽ പറഞ്ഞ കണക്ക് സ്വന്തം വീട്ടിൽ പോലും അവതരിപ്പിക്കാനാകാത്തതാണെന്നും അദ്ദേഹം വിമർശിച്ചു.
പെട്രോൾ ഡീസൽ വില വർദ്ധിച്ചത് വിലക്കയറ്റത്തിന് കാരണമായെന്ന് മന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകി. കിറ്റിന് ഉൾപ്പെടെ 4682 കോടി രൂപ സബ്‌സിഡിയ്‌ക്ക് വേണ്ടി നൽകിയെന്നും കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. 182,000 റേഷൻ കാർഡുകൾ അനർഹരുടെ കൈയ്യിൽ നിന്നും തിരികെ വാങ്ങിയെന്നും ഇതിൽ 1,42000 കാർഡുകൾ വിതരണം ചെയ്തുവെന്നും ഏപ്രിൽ പാതിയോടെ ബാക്കി വിതരണം ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചില സപ്ലെകോ സ്ഥാപനങ്ങളിൽ സാധനവില കൂട്ടി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് തടയാൻ നടപടി സ്വീകരിക്കും. സുഭിക്ഷ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. എല്ലാ നിയോജക മണ്ഡലത്തിലും സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കാനാണ് നീക്കം. അടുത്തമാസം അവസാനത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.