ക്രൂഡോയിൽ വില 100 ഡോളറിൽ താഴെ; രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

ന്യൂഡൽഹി: മാർച്ച് 7 ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിലെത്തിയതിന് ശേഷം ക്രൂഡ് ഓയിലിന്റെ വില ഏകദേശം 30% കുറഞ്ഞതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഭയന്നതു പോലെ ഉയർന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും രാജ്യാന്തര വിപണിയിലെ വില സർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

മാർച്ച് 1 ന് ശേഷം ആദ്യമായി അന്താരാഷ്ട്ര എണ്ണ വില ചൊവ്വാഴ്ച ബാരലിന് 100 ഡോളറിന് താഴെയായെങ്കിലും പൊതുമേഖലാ എണ്ണ കമ്പനികൾ വില വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വരുമാന നഷ്ടം ലിറ്ററിന് 5 മുതൽ 7 രൂപ വരെയാണെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്.

ചൈനയിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ, ഇറാൻ ആണവ കരാർ പുനരാരംഭിക്കുമെന്ന പ്രതീക്ഷ എന്നിവയെല്ലാം കാരണം ബ്രെന്റ് ക്രൂഡിന്റെ വില ചൊവ്വാഴ്ച ബാരലിന് 97.44 ഡോളറായി കുറഞ്ഞു.

“ഇന്ധനവില വർദ്ധനവ് ഇപ്പോഴും അനിവാര്യമാണ്, എന്നാൽ അതിന്റെ അളവും സമയവും ഇനിയും തീരുമാനിച്ചിട്ടില്ല,” ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. “തീർച്ചയായും, അന്താരാഷ്ട്ര എണ്ണവില കുറഞ്ഞതിനാൽ ഇപ്പോൾ കുറച്ച് ആശ്വാസമുണ്ട്.”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഇന്ധനവില അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയുമായി ബന്ധിപ്പെട്ടിരിക്കുന്നു. എന്നാൽ രാഷ്ട്രീയമായി പ്രാധാന്യമുള്ള ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം നാല് മാസത്തിലേറെയായി വില വർധന മരവിപ്പിച്ചിരിക്കുകയാണ്. മാർച്ച് 10 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനാൽ ഇനി ഏതു നിമിഷവും വില വർധന പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.