പുത്തൻപള്ളി പട്ടേരി പള്ളി വളപ്പിലെ ചന്ദന മര മോഷണം; മുറിച്ചുകടത്തിയത് 40 വർഷത്തിലേറെ പഴക്കം ഉള്ള 16 ഓളം ചന്ദന മരങ്ങൾ
മലപ്പുറം: മലപ്പുറം പുത്തൻപള്ളി പട്ടേരി പള്ളി വളപ്പിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന ചന്ദന മരങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വനം വകുപ്പിന് പരാതി നൽകി. പുത്തൻ പള്ളി ജാറം കമ്മറ്റി മെംബറായ അബ്ദുൽ ഗഫാറാണ് വനം വകുപ്പിന് പരാതി നൽകിയത്. പുത്തൻപള്ളി പട്ടേരി പള്ളി വളപ്പിലെ 16 ഓളം ചന്ദന മരങ്ങളാണ് മുറിച്ചുകടത്തിയത്. 40 വർഷത്തിലേറെ പഴക്കമുള്ള ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയത്.
സംഭവത്തിനു പിന്നിൽ വൻ റാക്കറ്റുകൾ പ്രവർത്തിച്ചതായാണ് വിവരം. മോഷണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് മോഷണ വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തുടരന്വേഷണത്തിന് ശ്രമിക്കാതെ കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. ഇതോടെയാണ് വിഷയത്തിൽ വനം വകുപ്പിന് പരാതി നൽകിയത്.
വിഷയത്തിൽ സമഗ്ര അന്വേഷണം നടത്താൻ പള്ളിക്കമ്മറ്റിക്കും കത്ത് നൽകിയിട്ടുണ്ട്.ചന്ദനമരങ്ങൾ മോഷ്ടിക്കപ്പെട്ടത് പുറത്തറിഞ്ഞതോടെ മരത്തിന്റെ കുറ്റിയടക്കം പിഴുതു മാറ്റി തെളിവുകളും നശിപ്പിച്ചു. അവിണ്ടിത്തറയിൽ വാഹന പരിശോധനക്കിടെയാണ് മുറിച്ചുമാറ്റിയ ചന്ദനത്തടിയുമായി ഒരാൾ അറസ്റ്റിലായത്.
കൂടുതൽ അന്വേഷണത്തിലാണ് ഇയാൾ പള്ളിപ്പറമ്പിലെ ചന്ദനമരം മുറിച്ചുകടത്തിയതായി തിരിച്ചറിഞ്ഞത്. ഇതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിനിടെ ചന്ദനമരം മോഷ്ടിച്ച കേസ് ഒതുക്കിത്തീർക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ ഉന്നതരെ രക്ഷിക്കാനാണ് ഇങ്ങനെയൊരു നീക്കം. ചന്ദനമരങ്ങളെ പാഴ്മരങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുറിച്ചു മാറ്റിയത്