Fincat

ഹജ്ജിനായി ഇത്തവണ കേരളത്തില്‍ നിന്ന് 12,810 അപേക്ഷകര്‍; എറ്റവും കൂടുതല്‍ മലപ്പുറത്ത്

മലപ്പുറം: ഈ വര്‍ഷം ഹജ്ജിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്ത് നിന്ന് അപേക്ഷിച്ചത് 12,810 പേരാണെന്ന് റിപ്പോര്‍ട്ടുകള്‍. മലപ്പുറം ജില്ലയില്‍ നിന്നാണ് കേരളത്തില്‍ നിന്ന് കൂടുതല്‍ അപേക്ഷകര്‍. കോഴിക്കോടാണ് രണ്ടാമത്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ് അപേക്ഷകര്‍. കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഹജ്ജിനായി അനുമതിയുണ്ടായിരുന്നില്ല.

1 st paragraph

കഴിഞ്ഞ വര്‍ഷം 6392 പേരായിരുന്നു കേരളത്തില്‍ നിന്ന് ഹജ്ജിനായി അപേക്ഷിച്ചിരുന്നത്. ഇത്തവണ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷരുള്ളത് കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. മലപ്പുറത്ത് നിന്ന് 4036 പേരാണ് ഹജ്ജിനായി അപേക്ഷിച്ചിട്ടുള്ളത്. കോഴിക്കോട്- 2740, കണ്ണൂര്‍-1437, കാസര്‍ഗോഡ്-656, വയനാട്-260, പാലക്കാട്-659, തൃശൂര്‍-541, എറണാകുളം-1240, ഇടുക്കി-98,കോട്ടയം-137, ആലപ്പുഴ-210, പത്തനംതിട്ട-54, കൊല്ലം- 381, തിരുവനന്തപുരം- 387 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണം.

2nd paragraph

ഹജ്ജിനായുള്ള അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലബാറില്‍ നിന്നാണെങ്കിലും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കൊച്ചിയെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ വര്‍ഷം ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കരിപ്പുരിനെ പരിഗണിക്കണമെന്ന് സംസ്ഥാനം വീണ്ടും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഇക്കഴിഞ്ഞ 10ന് മന്ത്രി വി അബ്ദുറഹ്മാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് കത്തയച്ചിരുന്നു. കരിപ്പൂര്‍ പരിഗണിച്ചില്ലെങ്കില്‍ പകരം കണ്ണൂരിനെ പുറപ്പെടല്‍ കേന്ദ്രമായി പരിഗണിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.