മങ്കടയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ചൈനീസ് അതിർത്തിയിൽ നിന്നും പിടിയിലായി

മലപ്പുറം: മങ്കടയിൽ അസ്സം സ്വദേശിനിയായ ഭാര്യയെ വാടകമുറിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവായ പ്രതിപിടിയിൽ . യുവതിയുടെ ഭർത്താവും അസ്സം ബൊങ്കൈഗാവോൺ ജില്ലയിൽ മണിക്പൂർ ലൂംഝാർ സ്വദേശിയുമായ ചാഫിയാർ റഹ്മാൻ (33) നെയാണ് മങ്കട സിഐ.യു.കെ.ഷാജഹാനും സംഘവും അരുണാചൽപ്രദേശിലെ ചൈനാ അതിർത്തി പ്രദേശമായ റൂയിംഗിലെ ഒളിത്താവളത്തിൽ നിന്നും പിടികൂടിയത്.

ഭാര്യയെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തും ഭർത്താവ് കൊലപ്പെടുത്തിയ സംശയംകാരണമാണെന്നു പൊലീസ് പറഞ്ഞു. മാർച്ച് ഒമ്പതിന് വൈകിട്ടാണ് അസ്സം സ്വദേശിനിയായ ഹുസ്നറ ബീഗ ത്തിനെ മങ്കട ഏലച്ചോലയിൽ താമസസ്ഥലമായ വാടകകെട്ടിടത്തിലെ മുറിയിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. മുറിയിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ട സമീപവാസികൾ മങ്കട പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

ജില്ലാപൊലീസ് മേധാവിയുടെ ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സ്ഥലത്ത് നിന്നും കാണാതായ ഭർത്താവ് ചാഫിയാർ റഹ്മാനേയും രണ്ട് കുട്ടികളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട് റെയിൽവേസ്റ്റേഷനിൽ നിന്നും ചെന്നൈ ഭാഗത്തേക്ക് ട്രയിൻ കയറിയതായി വിവരം ലഭിക്കുകയും മങ്കട സിഐ യു.കെ.ഷാജഹാന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ തന്നെ ആസ്സാമിലേക്ക് പുറപ്പെടുകയും ചെയ്യുകയായിരുന്നു.

തുടർന്ന് ആസ്സാമിൽ ബൊങ്കൈഗാഓൺ ജില്ലയിൽ ഒരാഴ്ചയോളം തങ്ങി ചാഫിയാർ റഹ്മാന്റെ താമസസ്ഥലത്തും ബന്ധുവീടുകളിലും മറ്റും രഹസ്യമായി പരിശോധന നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല.തുടർന്ന് ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അരുണാചൽ പ്രദേശ് ചൈനാ അതിർത്തിപ്രദേശമായ റൂയിങ് എന്ന സ്ഥലത്ത് ചാഫിയാർ റഹ്മാൻ ഒളിവിൽ കഴിയുകയാണെന്ന് രഹസ്യ വിവരം ലഭിക്കുകയും മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് അരുണാചൽ പ്രദേശിലെ റൂയിങ് പൊലീസുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ചാഫിയാർ റഹ്മാനെ രഹസ്യകേന്ദ്രത്തിൽ നിന്ന് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തതിൽ ചാഫിയാർ റഹ്മാൻ കുറ്റസമ്മതം നടത്തുകയും ചെയ്തു.

ചാഫിയാർ റഹ്മാൻ ഭാര്യയെ സംശയിച്ചിരുന്നതായും അടുത്തിടെ ഭാര്യയുടെ ഫോൺവിളികളും മറ്റും കൂടുതൽ സംശയത്തിനിടയാക്കിയതായും ഇതിനെ ചൊല്ലി ഈ മാസം 8 ന് രാത്രിയിൽ ഭാര്യയുമായി വഴക്കിടുകയും കുട്ടികൾ ഉറക്കമായതിന് ശേഷം രാത്രി 11 മണിയോടെ ഭാര്യയെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയും ചെയ്തു.ശേഷം മൃതശരീരം പുതപ്പ് കൊണ്ട് മൂടിയിട്ട് പിറ്റേദിവസം അതിരാവിലെ മുറി പൂട്ടി മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി കുട്ടികളുമായി ഏലച്ചോലയിൽ നിന്നും നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. കുട്ടികളോട് അമ്മ ഉറങ്ങുകയാണെന്നും പിറകേ വരുമെന്നും പറഞ്ഞു.

തന്റെ അഡ്രസ് പിന്തുടർന്ന് കേരളാപൊലീസ് നാട്ടിലെത്താനുള്ള സാധ്യത മുൻകൂട്ടികണ്ട ചാഫിയാർ റഹ്മാൻ ആസ്സാമിൽ തന്റെ നാട്ടിൽ നിൽക്കാതെ അരുണാചൽ പ്രദേശിലെ റൂയിങ് ഭാഗത്തെ ഉൾപ്രദേശത്ത് ‘ലാമിയ’ എന്ന പേരിൽ ഒളിവിൽ താമസിക്കുകയായിരുന്നു . പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി മങ്കടയിലെത്തിച്ചു. കേസിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും പ്രത്യേക അന്വേഷണസംഘത്തലവൻ കുടിയായ എസ്‌പി.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു .

പെരിന്തൽമണ്ണ ഡിവൈഎസ്‌പി. എം.സന്തോഷ് കുമാർ,സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിൽ മങ്കട സിഐ. യു.കെ.ഷാജഹാൻ , എസ്‌ഐ. ശ്യാം, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ ,പ്രശാന്ത് പയ്യനാട് ,എം.മനോജ് കുമാർ ,എൻ.ടി.കൃഷ്ണകുമാർ ,ദിനേഷ് കിഴക്കേക്കര, പ്രഭുൽ ,മങ്കട സ്റ്റേഷനിലെ എഎസ്ഐ. ഷാഹുൽഹമീദ് ,എസ്.സി.പി.ഒ. അബ്ദുൾ സലാം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു